കൽപ്പറ്റ
പൊലിസ് പരിശോധന കർശനമാക്കിയതോടെ ജില്ലയിൽ 20 ദിവസത്തിനുള്ളിൽ മാത്രം പിടികൂടിയത് അഞ്ച് എംഡിഎംഎ കേസുകൾ. അഞ്ച് കേസുകളിലായി ഇതുവരെ എട്ട്‌പേർ പടിയിലായി. കഞ്ചാവ് ഉൾപ്പടെയുള്ള മറ്റു ലഹരിക്കടത്തും പിടികൂടി. അതിർത്തി ജില്ലയായതിനാൽ വയനാട് വഴി ലഹരിക്കടത്ത് സജീവമാവുന്നത് കണക്കിലെടുത്താണ് ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വിവിധ പൊലിസ് സ്‌റ്റേഷനുകളിലെ പൊലിസും ചേർന്ന് തുടർച്ചയായി പരിശോധന നടത്തി ലഹരിക്കടത്തും ഉപയോഗവും തടയുന്നത്.
17ന് കൈനാട്ടിയിലെ സ്‌പായിൽനിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായതാണ് ഏറ്റവും ഒടുവിലത്തെ എംഡിഎംഎ കേസ്. 3.88 ഗ്രാം എംഡിഎംഎയും 91,000 രൂപയും എംഡിഎംഎ തൂക്കി തിട്ടപ്പെടുത്താനുള്ള പോക്കറ്റ് ത്രാസുമടക്കം കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഈ കേസിന് പിന്നാലെയാണ് കഴിഞ്ഞദിവസം കഞ്ചാവ് കടത്ത് കേസിലെ സുപ്രധാനകണ്ണിയെ കർണാടകയിൽനിന്ന് ജില്ലയിൽനിന്നുള്ള പൊലീസ് സംഘം പിടികൂടുന്നത്.
ജൂലൈ നാലിന് കാട്ടിക്കുളത്ത് കാറിൽ കടത്തുകയായിരുന്ന 148 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു. 11ന് തോൽപ്പെട്ടി പൊലിസ് ചെക്ക്‌പോസ്‌റ്റിൽ 265 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഇതേ ദിവസം മുത്തങ്ങയിൽ .06 ഗ്രാം എംഡിഎംഎയും കഴിഞ്ഞയാഴ്‌ച കൽപ്പറ്റയിലെ റസിഡൻസിയിൽ യുവാവിനെയും യുവതിയെയും .04 ഗ്രാം എംഡിഎംഎയുമായി പിടിച്ചു. ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയും ഈ മാസം പിടികൂടി. പരിശോധന നിരന്തരം തുടരുന്നതിനാൽ മയക്കുമരുന്ന് വ്യാപനം ജില്ലയിൽ കർശനമായി തടയാൻ സാധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരിമാഫിയയെ തടയിടാൻ പിടിയിലായവരുടെ സ്വത്തുക്കൾ എൻഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുന്ന നടപടിയും സ്വീകരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..