കൽപ്പറ്റ
പഴയ ബസ്‌സ്റ്റാൻഡിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്നു. ദുരിതം നഗരസഭ കണ്ടില്ലെന്ന് നടിക്കുന്നു. സാംക്രമിക രോഗങ്ങൾ പടരുന്നതിനെതിരെ പ്രതിരോധം തീർക്കേണ്ട ഘട്ടത്തിലാണ് ഈ അനാസ്ഥ. ദിവസങ്ങളായി പരിഹാരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലാതായതോടെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശനം തിങ്കളാഴ്‌ച തടഞ്ഞു.
ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലെ കക്കൂസ് മാലിന്യം സ്റ്റാൻഡിനകത്തെ സെപ്‌റ്റിക്ക് ടാങ്കിൽനിന്ന് പൊട്ടിയൊലിച്ച് മുൻവശത്തെ പ്രധാനപാതയിലേക്കും തോട്ടിലേക്കുമാണ് ഒഴുകുന്നത്. കംഫർട്ട് സ്‌റ്റേഷനിലെ കക്കൂസ് മാലിന്യം പരന്നൊഴുകുന്നതിന് പുറമെയാണ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്തെ സെപ്‌റ്റിക്ക് ടാങ്കും പൊട്ടിയൊലിക്കുന്നത്.
ദിവസങ്ങൾക്കുമുമ്പ് പൊട്ടിയൊലിക്കാൻ തുടങ്ങി ശക്തമായ മഴയിൽ മാലിന്യം നഗരത്തിലാകെ പരക്കുകയായിരുന്നു. തിങ്കൾ രാവിലെ മഴശമിച്ച് മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയയോടെ പരിസരമാകെ ദുർഗന്ധമായി. കക്കൂസ് മാലിന്യത്തിന് മുകളിലൂടെ ബസുകൾ കയറിയിറങ്ങി വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ദേഹത്ത് പതിക്കാൻ തുടങ്ങിയതോടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞത്.
വർഷങ്ങളായി മാലിന്യം ഒഴിവാക്കാത്ത ടാങ്കാണിത്. പത്തുദിവസത്തിലേറെയായി ടാങ്ക് പൊട്ടിയൊലിക്കുകയാണെന്നും നഗരസഭയിൽ പരാതിപ്പെട്ടിട്ട് ഒരു നടപടിയും ഉണ്ടായില്ലെന്നും സമീപത്തെ വ്യാപാരികൾ പറഞ്ഞു.
യാത്രക്കാർ ദുരിതത്തിൽ
ചീഞ്ഞുനാറുന്ന ബസ് സ്റ്റാൻഡിനകത്ത് മഴയത്തുപോലും കയറിനിൽക്കാനാകാതെ ദുരിതത്തിലാണ് യാത്രക്കാർ. ദീർഘദൂര യാത്രക്കാരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്ക് മുൻവശത്തെ കടകളുടെ വരാന്തയാണിപ്പോൾ ആശ്രയം.
സ്റ്റാൻഡിനകത്ത് മൂക്കുപൊത്താതെ നിൽക്കാനാകില്ല. വാഹനങ്ങൾ ഓടുമ്പോൾ മാലിന്യം ദേഹത്തേക്കു പതിക്കുകയാണെന്നും യാത്രക്കാർ പറഞ്ഞു. ബസ് റോഡിൽ നിർത്തി യാത്രക്കാരെ കയറ്റാനാരംഭിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
ഒരുവഴിയിൽ കോൺക്രീറ്റ്
കമ്പി മറുവഴിയിൽ മാലിന്യം
ബസ്‌സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നവഴിയിൽ പൊട്ടിയൊലിക്കുന്ന സെപ്‌റ്റിക്ക് ടാങ്കും ഇറങ്ങുന്ന വഴിയിൽ അപകടകരമായി നിൽക്കുന്ന കോൺക്രീറ്റ് കമ്പികളുമാണ്. സ്റ്റാൻഡിലേക്ക് വാഹനം കയറ്റാനും പുറത്തേക്കിറക്കാനും പ്രതിസന്ധിയാണ്. കോൺക്രീറ്റ് പാകിയ വഴി തകർന്ന് കമ്പി പുറത്തേക്കെത്തിയിട്ട് മാസങ്ങളായി. വാഹനങ്ങളുടെ ടയർ പൊട്ടുന്നതും യാത്രക്കാർ തടഞ്ഞുവീഴുന്നതും പതിവാണ്. സ്‌റ്റാൻഡിൽ അസഹനീയമായ നാറ്റമാണ്. പരാതിയും പ്രതിഷേധവുമെല്ലാം അറിയിച്ചിട്ടും നഗരസഭയിൽനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ബസ് തൊഴിലാളികൾ പറഞ്ഞു.
ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടർന്ന് നടപടി
കൽപ്പറ്റ
പഴയ ബസ്‌സ്റ്റാൻഡിൽ കക്കൂസ് മാലിന്യം പരന്നൊഴുകിയതോടെ ഡിവൈഎഫ്‌ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തെ തുടർന്ന് നടപടി. രാവിലെ പത്തുമുതൽ സ്റ്റാൻഡിലേക്ക് ബസുകളുടെ പ്രവേശനം തടഞ്ഞതോടെ നഗരസഭാ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കൾ രാത്രിയോടെ ടാങ്കിലെ മാലിന്യം ഒഴിവാക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അർജുൻ ഗോപാൽ, മേഖലാ പ്രസിഡന്റ് ഇ ഷംലാസ്, മേഖലാ സെക്രട്ടറി മുഹമ്മദ് റാഫിൽ എന്നിവർ നേതൃത്വംനൽകി. സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്, പി കെ അബു, ഗിരീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..