22 November Friday

പുലിക്കാട്ട്‌ കടവിൽ കോൺക്രീറ്റ്‌ പാലമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

വാളാട്‌ പുലിക്കാട്ടുകടവിൽ നിർമിച്ച പാലം

വാളാട്‌
ആടിയുലയുന്ന തൂക്കുപ്പാലത്തിലൂടെയുള്ള ദുർഘട യാത്ര അവസാനിച്ചു. വാളാട്‌ പുലിക്കാട്ട്‌ കടവിൽ കോൺക്രീറ്റ്‌ പാലം നിർമാണം പൂർത്തിയായി. 12 കോടി രൂപ വിനിയോഗിച്ചാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ പാലം നിർമിച്ചത്‌. ഒ ആർ കേളു എംഎൽഎ ആയപ്പോൾ നൽകിയ മറ്റൊരു വാഗ്‌ദാനംകൂടി പൂർത്തിയായി. 
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്‌ പുലിക്കാട്ട്‌ കടവിൽ കോൺക്രീറ്റ്‌ പാലമായത്‌. തവിഞ്ഞാൽ–-തൊണ്ടർനാട്‌ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ്‌ പാലം. തൊണ്ടർനാട്‌ പഞ്ചായത്തിലെ പുതുശ്ശേരി വളവ്‌, നീലോം, വഞ്ഞോട്‌, മക്കിയാട്‌  പ്രദേശങ്ങളിലുള്ളവർക്ക്‌ എളുപ്പത്തിൽ വാളാടുമായി ബന്ധപ്പെടാനാകും. വാളാട്ടുകാർക്കും എളുപ്പത്തിൽ തൊണ്ടർനാട്‌ പഞ്ചായത്തിലെ ഈ പ്രദേശങ്ങളിലേക്ക്‌ എത്താം. വാളാട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, എടത്തന ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂൾ, ജയ്‌ഹിന്ദ്‌ എൽപി എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും  യാത്ര സുഗമമാകും. 
കാർഷിക മേഖലയുടെ വികസനത്തിനും പാലം വഴിയൊരുക്കും. നേരത്തെ  തൂക്കുപാലം തകർന്നും പാലത്തിൽനിന്ന്‌ ആളുകൾ വീണും അപകടം സംഭവിച്ചിട്ടുണ്ട്‌. ഇവിടെ കോൺക്രീറ്റ്‌ പാലം വേണമെന്നത്‌ ആളുകളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഒ ആർ കേളു എംഎൽഎ ആയതോടെയാണ്‌ ഈ ആവശ്യം പരിഗണിക്കപ്പെട്ടത്‌. പാലത്തിനായി സർക്കാർ തലത്തിൽ നിരന്തരം ഇടപെട്ടു. ഒടുവിൽ പൊതുമരാമത്ത്‌ വകുപ്പ്‌ പ്ലാൻഫണ്ടിൽനിന്ന്‌ തുക അനുവദിക്കുകയായിരുന്നു.
പാലത്തിന്റെ സമീപന റോഡിന്റെ നിർമാണമാണ്‌ ഇനി അവശേഷിക്കുന്നത്‌. ഡിസംബറിനകം സമീപന റോഡിന്റെ പ്രവൃത്തികൂടി പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top