08 September Sunday

വള്ളിയൂർക്കാവ്‌ പാലം പുരോഗമിക്കുന്നു; ഒരുഭാഗം സ്ലാബായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

 

മാനന്തവാടി
മഴയിലും മുടങ്ങാതെ ജില്ലയിലെ ഏറ്റവും വലിയ പാലത്തിന്റെ പ്രവൃത്തി. മാനന്തവാടി മണ്ഡലത്തിലെ  വള്ളിയൂർക്കാവ്–-കമ്മന പാലം നിർമാണം പുരോഗമിക്കുന്നു.  ആകെയുള്ള 13 തൂണുകളും വള്ളിയൂർക്കാവ്‌ മൈതാനത്തിന്‌ മുകളിലൂടെയുള്ള ഭാഗത്തെ സ്ലാബ്‌ നിർമാണവും   പൂർത്തിയായി. പുഴയുടെ അക്കരെ കമ്മന ഭാഗത്തും സ്ലാബ്‌ നിർമിക്കാൻ കമ്പി കെട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തി തുടങ്ങി.   പുഴക്ക്‌ മുകളിലും സ്ലാബിന്റെ പണി വൈകാതെ തുടങ്ങും.  
ജില്ലയിലെ ഏറ്റവും വലിയ പാലമാണ്‌ ഇവിടെ നിർമിക്കുന്നത്‌. 208 മീറ്റർ നീളവും ഫുട്‌പാത്ത്‌ ഉൾപ്പെടെ 11 മീറ്റർ വീതിയുമുണ്ടാകും. 17 കോടി രൂപയ്‌ക്കാണ്‌  പ്രവൃത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ കമ്പനി. 
പതിറ്റാണ്ടുകൾ പഴക്കമുള്ള ഇടുങ്ങിയ പാലമാണ്‌ നിലവിലുള്ളത്‌. ചെറുവാഹനങ്ങൾക്കുമാത്രമേ പോകാനാവൂ. കൈവരികൾ തകർന്ന നിലയിലാണ്‌. ഭീതിയോടെ വേണം പാലം കടക്കാൻ.   മഴയത്ത്‌  പുഴ നിറഞ്ഞതോടെ യാത്ര കൂടുതൽ ദുഷ്‌കരമാണ്‌.  വള്ളിയൂർക്കാവ്‌ ക്ഷേത്രത്തോട്‌ ചേർന്ന പാലമായതിനാൽ ഉത്സവസമയങ്ങളിൽ നിലവിലെ പാലത്തിന്റെ വീതികുറവ്‌ വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്‌. ജനത്തിരക്കിൽ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്‌. 
ഇവിടെ പുതിയ പാലം വേണമെന്നത്‌ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. ഒ ആർ കേളു എംഎൽഎ ആയതോടെയാണ്‌ ഈ ആവശ്യം സാക്ഷാത്‌കരിക്കപ്പെട്ടത്‌. നിരന്തര ഇടപെടലിലൂടെ സംസ്ഥാന സർക്കാരിന്റെ 2019–--20 വർഷത്തെ ബജറ്റിൽ പാലത്തിന്‌ തുക അനുവദിപ്പിച്ചു. എന്നാൽ  ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവക്ക്‌ കൂടുതൽ സമയം വേണ്ടിവന്നു. നടപടി പൂർത്തിയാക്കി കഴിഞ്ഞ  വർഷമാണ്‌ നിർമാണം ആരംഭിച്ചത്‌. പിന്നീട്‌ മുടങ്ങാതെ പ്രവൃത്തി നീങ്ങുകയാണ്‌.  പാലം പൂർത്തിയാകുന്നതോടെ നാടിന്റെ മുഖഛായ മാറും.  പ്രദേശത്തിന്റെ വികസനത്തിലും കുതിപ്പുണ്ടാകും. ഉയരത്തിൽ പാലം വരുന്നതോടെ ഇരുവശങ്ങളിലും നഷ്ടമാകുന്ന ഗ്രാമീണ പാതകൾക്ക്‌ പകരമുള്ള സർവീസ്‌ റോഡുകളുടെ നിർമാണത്തിനും പദ്ധതിയുണ്ട്‌. പാലം നിർമാണം പൂർത്തിയാകുന്നതോടൊപ്പം സർവീസ്‌ റോഡും നിർമിക്കും. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top