24 November Sunday
മുൻ വർഷത്തെക്കാൾ വൻവർധന

തകർപ്പൻ മഴ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
കൽപ്പറ്റ
മൺസൂൺ കാലം അവസാനിക്കാൻ ഒരു മാസത്തിലധികം അവശേഷിക്കേ ജില്ലക്ക്‌ ലഭിച്ചത്‌ മുൻവർഷത്തേക്കാൾ കൂടുതൽ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്‌ പ്രകാരം ജൂൺ ഒന്ന്‌ മുതൽ ആഗസ്‌ത്‌ 21 വരെ 1502.2 മില്ലിമീറ്റർ മഴ ലഭിച്ചു. മുൻവർഷം ജൂൺ മുതൽ സെപ്‌തംബർവരെയുള്ള മൺസൂൺ കാലയളവിൽ 1104.5 മില്ലിമീറ്റർ മഴയാണ്‌ ആകെ പെയ്‌തത്‌. 2022ൽ മൺസൂൺ കാലയവളിൽ ആഗസ്‌ത്‌ വരെ 2027 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.  
ജൂൺ മുതൽ ജൂലൈ 28വരെ 1187 മില്ലിമീറ്റർ മഴയാണ്‌ പെയ്‌തതെങ്കിൽ തുടർന്ന്‌ രണ്ട്‌  ദിവസത്തിനുള്ളിൽ മാത്രം ജില്ലയിൽ ശരാശരി 250 മില്ലിമീറ്റർ മഴ പെയ്‌തു. ഈ ദിവസം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മാത്രം പെയ്‌തത്‌ 572 മില്ലി മീറ്റർ മഴയാണ്‌. ആഗസ്‌ത്‌ ആദ്യവാരം പിന്നിട്ടതോടെയാണ്‌ മഴയുടെ ശക്‌തി കുറഞ്ഞത്‌. അതേസമയം മഴയിൽ പ്രതീക്ഷിച്ചതിനെക്കാൾ 27 ശതമാനമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. കഴിഞ്ഞവർഷം മൺസൂൺ കാലയളവിൽ 55 ശതമാനം മഴക്കുറവാണുണ്ടായത്‌. കുറച്ച്‌ വർഷങ്ങളായി ജില്ലയിൽ കാലവർഷത്തിന്റെ തുടക്കത്തിൽ മഴ ലഭിച്ചിരുന്നില്ല. ഈ വർഷം ജൂൺ ഒന്ന്‌ മുതൽ 30 വരെ 436.2 മില്ലിമീറ്ററും ജൂലൈയിൽ 600 മില്ലിമീറ്ററിലധികവും മഴ ലഭിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top