മേപ്പാടി
ദുരന്തബാധിതർക്ക് ആശ്വാസവാക്കുകളുമായി പോത്തുകൽ പഞ്ചായത്ത് അധികൃതർ മേപ്പാടിയിലെത്തി. ഉരുൾപൊട്ടലിനെ തുടർന്ന് മൃതദേഹങ്ങൾ ഒഴുകിയെത്തിയതോടെ ചാലിയാറിൽ അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, വൈസ് പ്രസിഡന്റ് ഷാജി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ദുരിതാശ്വാസ ക്യാമ്പിലും ചൂരൽമലയിലും എത്തിയത്.
രാവിലെ മേപ്പാടി പഞ്ചായത്ത് ഓഫീസിലെത്തിയ സംഘം പ്രസിഡന്റ് അടക്കമുള്ളവരുമായി സംസാരിച്ചു. ചൂരൽമല സന്ദർശിച്ചശേഷം പുത്തുമലയിലെത്തി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്‌ജലിയർപ്പിച്ചു.
ഉരുൾപൊട്ടൽ അറിഞ്ഞത് മുതൽ ചാലിയാറിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ പറഞ്ഞു. മഴ കനത്തതോടെ പോത്തുകൽ പഞ്ചായത്തിലെ പുഴയോരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. പുലർച്ചെയാണ് കുമ്പാളപാറ കോളനിയിൽ മൃതദേഹങ്ങൾ വന്നടിഞ്ഞതായി വിവരം ലഭിച്ചത്. ആറ് കിലോമീറ്റർ വനത്തിലൂടെ യാത്രചെയ്യണം അവിടെ എത്താൻ. പഞ്ചായത്തും പൊലീസും റവന്യു അധികൃതരുമെല്ലാം ഉടൻ അവിടെയെത്തി. മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റി. ഇതിനകം ജില്ലയിലെ പല ഭാഗങ്ങളിൽനിന്നും സന്നദ്ധ പ്രവർത്തകരടക്കം കൂടുതൽ പേർ എത്തിയിരുന്നു. ഇവരുടെയെല്ലാം സഹായത്തിലാണ് തുടർന്നുണ്ടായ തിരച്ചിലുകൾ. അത് ഇപ്പോഴും തുടരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..