23 September Monday

നേപ്പാൾ സ്വദേശികളുടെ ക്രൂരത പുറംലോകമറിഞ്ഞത്‌ നാലുമാസം പിന്നിട്ട ശിശുഹത്യ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ശിശുഹത്യയുടെ തെളിവെടുപ്പിന്റെ ഭാഗമായി നേപ്പാളി കുടുംബം താമസിച്ച പള്ളിത്താഴെയിലെ സ്വകാര്യ ടൂറിസ്റ്റ്‌ ഹോമിൽ പൊലീസും ഫോറൻസിക്‌ വിദഗ്ധരും പരിശോധന നടത്തുന്നു

 

കൽപ്പറ്റ
മനഃസാക്ഷിയെ നടുക്കി പുറത്തുവന്നത്‌ നാലുമാസംമുമ്പ്‌ നടന്ന ശിശുഹത്യ. പ്രസവിച്ചയുടൻ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്ന ക്രൂരത. നേപ്പാളിൽനിന്നെത്തി കൽപ്പറ്റയിലെ സ്വകാര്യ ടൂറിസ്‌റ്റ്‌ ഹോമിൽ ജോലിചെയ്‌തിരുന്ന കുടുംബം നടത്തിയ കൊലപാതകം പൊലീസ്‌ പുറത്തുകൊണ്ടുവന്നത്‌ പരാതി കിട്ടി 24 മണിക്കൂറിനുള്ളിൽ. മകനോടൊപ്പം താമസിച്ചിരുന്ന സുഹൃത്തായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ്‌ ദമ്പതികളും മകനും ചേർന്ന്‌ കൊന്നുതള്ളിയത്‌. നേപ്പാൾ സ്വദേശി റോഷൻ സൗദ്, ഇദ്ദേഹത്തിന്റെ അച്ഛൻ അമർ ബാദുർ സൗദ്, അമ്മ മഞ്ജു സൗദ് എന്നിവരാണ്‌ കൊലപാതകം നടത്തിയത്‌. 
റോഷന്റെ സുഹൃത്ത്‌ നേപ്പാൾ സെമിൻപൂൾ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ്‌  കൊന്നത്‌. മകന്റെയും ഭർത്താവിന്റെയും അറിവോടെ മഞ്ജു സൗദാണ്‌ കൃത്യം നടത്തിയത്‌. 
ഒപ്പം താമസിച്ചിരുന്ന യുവതിക്ക്‌ മകനേക്കാൾ പ്രായം കൂടിയതാണ്‌ കുഞ്ഞിനെ കൊന്നുകളയാൻ ഇവരെ പ്രേരിപ്പിച്ചത്‌. ആദ്യം കുഞ്ഞിനേയും പിന്നീട്‌ യുവതിയേയും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. റോഷനേക്കാൾ ഒരു വയസ്സായിരുന്നു യുവതിക്ക്‌ കൂടുതലുണ്ടായിരുന്നത്‌.  മെയിൽ ടൂറിസ്‌റ്റ്‌ ഹോമിൽ  പ്രതികളുടെ സാന്നിധ്യത്തിൽ ശുചിമുറിയിലാണ്‌ യുവതി പ്രസവിച്ചത്‌. മകന്റെ ബന്ധത്തിൽ താൽപ്പര്യമില്ലാതിരുന്ന മഞ്ജു ഏഴുമാസമായ ഗർഭം അലസിപ്പിക്കാൻ മരുന്നുനൽകി.  രണ്ടാംദിവസം യുവതി  പ്രസവിച്ചു. ജീവനോടെ ജനിച്ച കുഞ്ഞിനെ മഞ്ജു കഴുത്തുഞെരിച്ച്‌ കൊന്നെന്നാണ്‌ പൊലീസ്‌ കേസ്‌.  പ്രസവശേഷം നേപ്പാളിലേക്ക്‌ പോയ യുവതി സഹോദരിക്കൊപ്പം കഴിഞ്ഞദിവസം തിരിച്ചുവന്നാണ്‌  പൊലീസിൽ പരാതി നൽകിയത്‌. കൊലപാതകം കഴിഞ്ഞ്‌ മാസങ്ങൾ പിന്നിട്ടിട്ടും പ്രതികൾ ഭയമൊന്നുമില്ലാതെ ജോലിയിൽ തുടരുകയായിരുന്നു. യുവതി ഗർഭിണിയായിരുന്നു എന്നതിന്റെ ഒരു സൂചനയും   ലഭിച്ചിരുന്നില്ലെന്ന് ടൂറിസ്‌റ്റ്‌ ഹോം അധികൃതർ പറഞ്ഞു. കൊലപാതകം നടത്തിയതിന്റെ ഭാവവ്യത്യാസവും ഇവർക്കുണ്ടായിരുന്നില്ല.  
 
അറസ്‌റ്റ്‌ മണിക്കൂറുകൾക്കുള്ളിൽ
 
യുവതിയുടെ പരാതി ലഭിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്‌ പ്രതികളെ പൂട്ടി . നേപ്പാളിൽനിന്നും തിരിച്ചെത്തിയ യുവതി വെള്ളിയാഴ്‌ച  ഉച്ചക്കാണ്‌ കൽപ്പറ്റ സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്‌. പകൽ മൂന്നോടെ ടൂറിസ്‌റ്റ്‌  ഹോട്ടലിലെത്തി മൂന്ന്‌ പ്രതികളെയും കസ്റ്റഡിയിലെടുത്തു. യുവതിയെ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തി.   ശനിയാഴ്ച ടൂറിസ്‌റ്റ്‌ ഹോമിൽ ഫോറൻസിക്ക്‌ പരിശോധനയും നടത്തി. ഇതോടെ രക്ഷപ്പെടാനാകില്ലെന്ന്‌ മനസ്സിലാക്കിയ പ്രതികൾ കുറ്റസമ്മതവും നടത്തി. റിമാൻഡിലായ പ്രതികൾ  മാനന്തവാടിയിലെ ജില്ലാ ജയിലിലാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top