18 December Wednesday

ചൂരൽമല പുഴ പുനരുജ്ജീവനം: റിപ്പോർട്ട്‌ 1ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
 
ചൂരൽമല
ഉരുൾപൊട്ടലിൽ മണ്ണും പാറയും കെട്ടിടാവശിഷ്‌ടവും മരത്തടികളും നിറഞ്ഞ ചൂരൽമല പുഴയെ (പുന്നപ്പുഴ) പുനരുജ്ജീവിപ്പിക്കാൻ കർമപദ്ധതി തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ പഠനം അന്തിമഘട്ടത്തിൽ. സംസ്ഥാന ദുരന്തനിവരണ അതോറിറ്റിക്ക്‌ ഒക്‌ടോബർ ഒന്നിന്‌ റിപ്പോർട്ട്‌ സമർപ്പിക്കും. തിങ്കളാഴ്‌ച സമിതി അംഗങ്ങൾ യോഗംചേരും. 
കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട്‌ ഡിവിഷൻ എക്‌സിക്യുട്ടീവ്‌ എൻജിനിയർ വി സന്ദീപ്‌ ചെയർപേഴ്‌സണായ ആറംഗ സമിതിയാണ്‌ പഠനം നടത്തുന്നത്‌.  ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം മുതൽ സൂചിപ്പാറവരെയുള്ള ഏഴര കിലോമീറ്ററിൽ പരിശോധനകളും പഠനങ്ങളും പൂർത്തിയായി. വൻതോതിൽ പുഴയിൽ മണ്ണും പാറകളും അടിഞ്ഞിട്ടുണ്ടെന്നാണ്‌ കണ്ടെത്തൽ.  ഇത്‌ കൃത്യമായി മനസ്സിലാക്കാൻ പിന്നീട്‌ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്‌ വിശദ പരിശോധന നടത്തേണ്ടിവരുമെന്ന നിഗമനത്തിലാണ്‌ സമിതി. പലയിടങ്ങളിലും ഗതി മാറിയാണ്‌ ഒഴുകുന്നത്‌.  
അവശിഷ്ടങ്ങൾ അടിഞ്ഞ്‌ പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്‌.  ചെറിയ മഴ പെയ്താൽപ്പോലും ഇത്‌ വെള്ളപ്പൊക്കത്തിന്‌ കാരണമാകും. പുഴയുടെ നിലനിൽപ്പും ഒഴുക്കും എങ്ങനെ സുഗമമാക്കാം എന്ന റിപ്പോർട്ടാണ്‌ നൽകുക. അടിയന്തരമായി ചെയ്യേണ്ടവയും നിർദേശിക്കും. പുഴയിൽ അടിഞ്ഞ മണലും പാറയും ഉപയോഗപ്പെടുത്താനാകുമോയെന്ന നിർദേശങ്ങളുമുണ്ടാകും.
പുഴയുടെ നിലവിലെ അവസ്ഥയും  പ്രശ്‌നങ്ങളും പഠിക്കാനും പരിഹാര  നിർദേശത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ്‌  പ്രത്യേക സമിതിയെ നിശ്ചയിച്ചത്‌. ദുരന്തബാധിത മേഖലകളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പഠനവും പരിശോധനയും. പുഴയുടെ എല്ലാ ഭാഗങ്ങളിലുമെത്തി ഒഴുക്ക്‌ തടസ്സപ്പെടുത്തുന്ന രീതിയിൽ അടിഞ്ഞുകൂടിയ പാറകൾ, ഉരുളൻ കല്ലുകൾ, അവശിഷ്‌ടം എന്നിവയുടെയെല്ലാം വിവരങ്ങൾ ശേഖരിച്ചു. ഇവ ഉപയോഗിച്ച്‌ പുഴയുടെ അരികുകൾ ബലപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും. റാപ്പിഡ്‌ എൻവയോൺമെന്റൽ ഇംപാക്ട്‌ അസസ്‌മെന്റും തയ്യാറാക്കി ദുരന്തനിവാരണ അതോറിറ്റിക്ക്‌ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top