23 September Monday

ഓണം വിപണി കൺസ്യൂമർ ഫെഡ്‌ ഓണച്ചന്തകളുടെ വിറ്റുവരവ്‌ 1.7 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

 

കൽപ്പറ്റ
ഉരുൾദുരന്തത്തെ അതിജീവിക്കുന്ന ജില്ലയ്‌ക്ക്‌ സമൃദ്ധമായ ഓണമൊരുക്കി കൺസ്യൂമർ ഫെഡ്‌ നേടിയത്‌ 1.70 കോടിയുടെ വിറ്റുവരവ്‌. സഹകരണ സംഘങ്ങൾ നടത്തിയ 26 ഓണച്ചന്തകളിലൂടെയും രണ്ട് ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് കൺസ്യൂമർ ഫെഡ്‌ റെക്കോഡ്‌ വിറ്റുവരവിലേക്ക്‌ എത്തിയത്‌. ഉരുൾപൊട്ടലുണ്ടാക്കിയ പ്രതിസന്ധികാലത്ത്‌ മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ എത്തിക്കാനും വിലക്കയറ്റം പിടിച്ചുകെട്ടാനും കൺസ്യൂമർ ഫെഡ്‌ ചന്തകൾക്ക്‌ കഴിഞ്ഞു. അരിയുൾപ്പെടെ 13 ഇന സാധനങ്ങൾ 930 രൂപക്കാണ്‌ ജനങ്ങളിലേക്കെത്തിച്ചത്‌. പൊതുവിപണിയിൽ ഇതിന്‌ 1500 രൂപയോളം  വിലയുണ്ട്‌. ജയ അരി കിലോക്ക്‌ മാർക്കറ്റിൽ 45 രൂപവരെ വിലയുള്ളപ്പോൾ 29 രൂപയ്ക്ക്‌ ഓണച്ചന്തകളിലൂടെ നൽകി. പഞ്ചസാരയ്‌ക്ക്‌ 44 രൂപ വിലയുള്ളപ്പോൾ 27 രൂപയ്ക്കായിരുന്നു വിൽപ്പന. 1.70 കോടി രൂപയുടെ വിറ്റുവരവിൽ 1.10 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളും 60 ലക്ഷം രൂപയുടെ നോൺസബ്സിഡി സാധനങ്ങളും ജനങ്ങളിലേക്കെത്തി. മിൽമ, റെയ്‌ഡ്‌കോ, ദിനേശ് തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ നോൺ സബ്‌സിഡി സാധനങ്ങൾ വലിയ വിലക്കുറവിലാണ്‌ ലഭ്യമാക്കിയത്‌. പത്ത്‌ ശതമാനം മുതൽ നാൽപ്പത്‌ ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും എത്തിയതോടെ സർക്കാർ വിപണികളിൽ അവശ്യസാധനങ്ങൾ ലഭ്യമല്ലെന്ന ആരോപണത്തിനുകൂടി മറുപടിയായി. ഏഴുമുതൽ പതിനാലുവരെ ഏഴ്‌ ദിവസമായിരുന്നു ഓണച്ചന്തകൾ.
 
വിലക്കയറ്റത്തെ 
പിടിച്ചുകെട്ടി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പരമാവധി വിലക്കുറവിൽ അവശ്യസാധനങ്ങൾ എത്തിച്ചതോടെ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുകെട്ടാൻ കൺസ്യൂമർ ഫെഡിനായി. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ജനകീയ വേരോട്ടമുള്ള സഹകരണ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുകവഴി ഓണച്ചന്തകൾ കൂടുതൽ ജനകീയമായി. വിലക്കുറവിനോടൊപ്പം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഉറപ്പുവരുത്തിയത്‌ തിരക്ക്‌ വർധിപ്പിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top