കൽപ്പറ്റ
വെള്ളക്കെട്ടിന് മുകളിലൂടെ പാൻറ്റൂൺ ബ്രിഡ്‌ജ്, ഓളപ്പരപ്പിലൂടെ ബോട്ടുയാത്ര, കണ്ണിന് കുളിരേകി ജലധാര, തടാകം തഴുകിയെത്തുന്ന കാറ്റേറ്റിരിക്കാൻ കൽമണ്ഡപം, വർണവൈവിധ്യങ്ങളുടെ പൂന്തോട്ടം, കുട്ടികൾക്കായി പാർക്ക്...
ഡിടിപിസിക്ക് കീഴിലുള്ള കർലാട് തടാകം സഞ്ചാരികൾക്ക് പകരുന്നത് അനിർവചനീയ അനുഭൂതി. ഒരുതവണ എത്തിയാൽ ഏതൊരു സഞ്ചാരിയേയും മാടിവിളിക്കുന്ന പ്രകൃതി സൗന്ദര്യം.
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഒരിക്കലും ഒഴിവാക്കാനാകാത്ത കേന്ദ്രമാണ് കാവുമന്ദം കർലാട് തടാകം. ടൂറിസം ഡിപ്പാർട്ട്മെന്റും ടൂറിസം പ്രൊമോഷൻ കൗൺസിൽ(ഡിടിപിസി) നിരവധി പദ്ധതികൾ കൊണ്ടുവരികയും തടാകവും പാർക്കും നവീകരിക്കുകയും ചെയ്‌തതതോടെ ജില്ലയുടെ ഒന്നാംനിര ടൂറിസം കേന്ദ്രങ്ങളിലൊന്നായി കർലാട് മാറി. മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് പ്രതിസന്ധിയിലായ ജില്ലയുടെ വിനോദസഞ്ചാരങ്ങളുടെ തിരിച്ചുവരിൽ മുന്നിലുണ്ട് ഈ പ്രകൃതിദത്ത തടാകവും
ശാന്തമായ അന്തരീക്ഷവും കുളിരും തണലുമേകുന്ന വൃക്ഷലതാദികളും പൂക്കളും ചെറുപക്ഷികളുമെല്ലാം സവിശേഷതയാണ്. പച്ചപ്പിൽ നിറഞ്ഞാടുന്ന തടാകത്തിൽ ബോട്ടിങ്ങിനൊപ്പം കയാക്കിങ്ങുമുണ്ട്. രണ്ട് സീറ്റുള്ള ഏഴ് പെഡൽ ബോട്ട്, നാല് സീറ്റുള്ള നാല് പെഡൽ ബോട്ട്, എട്ട് കയാക്കിങ് ബോട്ട് എന്നിവയാണ് തുഴയലിനായുള്ളത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് സന്ദർശനം. ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞിന്റെ മേലാപ്പും കർലാടിനെ മനോഹരിയാക്കും. ഇത് കണക്കിലെടുത്ത് മോർണിങ് ടൂറിസം പദ്ധതിക്കും ടൂറിസം വകുപ്പ് ഒരുങ്ങുന്നുണ്ട്. നാല് കുന്നുകൾക്കിടയിൽ പത്തേക്കറിൽ പരന്നുകിടക്കുന്നതാണ് തടാകം. സാധാരണ ദിവസങ്ങളിൽ 300–-500 വരെ സഞ്ചാരികളെത്തുമായിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് എണ്ണം കുറഞ്ഞു. ഓണക്കാലത്തോടെ സഞ്ചാരികളുടെ എണ്ണം വർധിച്ചു. ഞായറാഴ്‌ച അഞ്ഞൂറ് കടന്നത് ശുഭസൂചനയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..