വൈത്തിരി
പുല്ല് തിന്നുകയും വെളുത്ത പാല് തരികയും ചെയ്യുന്നവയാണ് പശുക്കൾ. എന്നാൽ ഒന്നിനൊന്ന് വേറിട്ടുനിൽക്കുകയാണ് ഇന്ത്യയിലെ വിവിധ ഇനം പശുക്കൾ. ഇവയെയെല്ലാം ഒന്നിച്ചുകാണാനുള്ള അവസരമാണ് പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന സ്റ്റാൾ. കേരളത്തിന്റെ സ്വന്തം വെച്ചൂർ, ആന്ധ്ര സ്വദേശി ഓഗോൾ, വലിയ കൊമ്പുള്ള ഗുജറാത്തിൽനിന്നുള്ള കാൻക്രജ്, ഗിർ പശു, വടകര കുള്ളൻ തുടങ്ങി വിവിധ ഇനങ്ങളാണ് പ്രദർശനത്തിലുള്ളത്.
സംസ്ഥാനത്തിന്റെ തനത് പശുവർഗമാണ് വെച്ചൂർ പശു. കോട്ടയമാണ് സ്വദേശം. ഉയരക്കുറവ് പ്രത്യേകതയായ ഇവയുടെ പാലിന് കൂടുതൽ ഔഷധഗുണങ്ങളുണ്ട്. ആന്ധ്രയിലെ നെല്ലൂർ, ഗുണ്ടൂർ എന്നിവിടങ്ങളിൽ വളർത്തുന്ന ഓഗോൾ പശുക്കളും പാലുൽപ്പാദനശേഷിയിൽ മുന്നിലാണ്. ജനനസമയത്ത് മേനി ചുവപ്പുകലർന്ന തവിട്ടുനിറത്തിലാവുമെങ്കിലും ക്രമേണ തിളങ്ങുന്ന വെള്ള നിറമാകും. ഇതാണ് ഓഗോളിന്റെ പ്രത്യേകത. ഇന്ത്യൻ പശുക്കളിൽ ഏറ്റവും വലിപ്പമുള്ള ഇനമാണ് കാൻക്രജ്. കൂടുതലായും കാർഷിക ആവശ്യങ്ങൾക്കാണ് കാൻക്രജ് പശുക്കളെ ഉപയോഗിക്കുന്നത്. എട്ട് മുതൽ 10 ലിറ്റർ പാലാണ് ദിവസേന ലഭിക്കുക. ഏകദേശം 500 മുതൽ 600 കിലോ വരെ ഭാരവും 1.2 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയരവുമുള്ള കാൻക്രജ് പശുക്കളിലെ ലക്ഷണമൊത്തവയ്ക്ക് മൂന്ന് ലക്ഷത്തിലധികം വിലയുണ്ട്.
കറവക്കാലം കൂടുതലാണ് ഗിർ പശുക്കൾക്ക്. നീളമുള്ള ചുരുണ്ട ചെവികൾ, വിസ്തൃതമായ പുറത്തേക്ക് തുറിച്ചുനിൽക്കുന്ന നെറ്റിത്തടം, അർധ ചന്ദ്രാകൃതിയിലുള്ള വളഞ്ഞ കൊമ്പുകൾ എന്നിവയാണ് സവിശേഷത. നാടൻ പശുക്കളിൽ കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നത് വടകര കുള്ളനാണ്. മൂന്ന് മുതൽ നാല് ലിറ്റർ വരെ പാൽ ചുരത്തുന്ന ഇവയ്ക്ക് 100–-- 125 സെന്റിമീറ്റർ ഉയരമാണ് ഉള്ളത്. വെച്ചൂർ പശുക്കളുമായി സ്വഭാവത്തിലും സമാനതകളിലും ഏറെ അടുപ്പമുള്ളവരാണ് വടകര പശുക്കൾ.
നാടൻ പശുപരിപാലനത്തെ, സംസ്കാരത്തെ സംരക്ഷിക്കുക എന്നതാണ് പ്രദർശന സ്റ്റാൾ ഒരുക്കിയതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ പാലുൽപ്പാദിപ്പിക്കാവുന്ന പശുക്കളുടെ ഇനം, അവയുടെ പരിപാലന രീതി, രോഗ സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. 29ന് കോൺക്ലേവ് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..