പി എ മുഹമ്മദ് നഗർ
പൂഴിത്തോട്–-പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1994ൽ പ്രവൃത്തി ആരംഭിച്ച് 30 വർഷം പിന്നിട്ടിട്ടും പാത യാഥാർഥ്യമായിട്ടില്ല. കോഴിക്കോട്–- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും വയനാടൻ ജനതയുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയുന്നതുമായ ചുരം ഇല്ലാത്ത പാത കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് പൂർത്തീകരിക്കാനാകാത്തത്. 60 ശതമാനത്തിൽ അധികം പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെ വനഭൂമിയിലൂടെയുള്ള പ്രവൃത്തിക്ക് വനം വകുപ്പിന്റെ അനുമതി വേണം. 27 കിലോമീറ്റർ വരുന്ന പാതയുടെ കോഴിക്കോട്–- വയനാട് അതിർത്തിവരെയുള്ള ഭാഗം ഗതാഗതയോഗ്യമാണ്. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ റോഡ് സംസ്ഥാന പാതയായി അംഗീകരിച്ചു. മുളങ്കണ്ടിയിൽ പ്രധാന പാലം നിർമിച്ചു.
വനഭൂമി ഒമ്പത് കിലോമീറ്ററാണുള്ളത്. ഇതിനുപകം തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, ചക്കിട്ടപാറ, ചങ്ങരോത്ത് പഞ്ചായത്തുകൾ ഭൂമി വിട്ടുനൽകിയതാണ്. സംസ്ഥാന സർക്കാർ ഇപ്പോൾ റോഡിന്റെ സാധ്യതാപഠനം നടത്തുന്നുണ്ട്. ഒന്നരക്കോടി രൂപയാണ് പഠനത്തിന് അനുവദിച്ചത്. കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ സർവേയും പഠനവും പുരോഗമിക്കുകയാണ്. സാധ്യതാപഠനം വയനാട്ടിൽ അഞ്ച് കിലോമീറ്റർ പൂർത്തിയായി. ഇനി ആറ് കിലോമീറ്ററുണ്ട്. കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് ഭാഗത്തും പൂർത്തിയായി. കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വനഭൂമി ഒഴികെയുള്ള പ്രദേശങ്ങളിലാണ് പഠനം നടത്തുന്നത്.
പാത കടന്നുപോകുന്നിടം പരിസ്ഥിതി ലോല പ്രദേശത്തിൽ പെടാത്തതും അമൂല്യമരങ്ങൾ ഇല്ലാത്തതുമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സാങ്കേതിക തടസ്സങ്ങൾ നീക്കി പാതക്ക് കേന്ദ്രസർക്കാർ അനുമതിനൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..