18 December Wednesday

ജീവിത വളയം പിടിക്കാൻ അനീഷിന്‌ ഡിവൈഎഫ്‌ഐയുടെ ജീപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, സെക്രട്ടറി കെ റഫീഖ്‌ എന്നിവർ അനീഷിന്റെ വിട്ടിലെത്തിയപ്പോൾ

കൽപ്പറ്റ
ചൂരൽമലയിലെ  ഉരുൾപൊട്ടലിൽ സർവതും നഷ്‌ടമായ ചൂരൽമല സ്‌കൂൾ റോഡിലെ എം അനീഷിന്‌ ജീവിതം തിരിച്ചുപിടിക്കാൻ ഒരു കൈ സഹായവുമായി ഡിവൈഎഫ്‌ഐ. ജീവിത വളയം പിടിച്ചിരുന്ന ജീപ്പുൾപ്പടെയാണ്‌ അനീഷിന്‌ നഷ്‌ടമായത്‌.   നഷ്‌ടമായ ജീപ്പിന്‌ പകരം പുതിയ ജീപ്പ്‌ ഡിവൈഎഫ്‌ഐ വാങ്ങിനൽകും.   ഉരുൾപൊട്ടലിൽ മക്കളും അമ്മയും വീടും ജീവനോപാധിയും നഷ്‌ടമായി  ജീവിതത്തിന്റെ ട്രാക്ക്‌ തെറ്റിയ  അനീഷിന്‌  അൽപ്പമെങ്കിലും ആശ്വാസം പകരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ജീപ്പ്‌ നൽകുന്നത്‌. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, സെക്രട്ടറി കെ റഫീഖ്‌ എന്നിവരുൾപ്പടെയുള്ള ഡിവൈഎഫ്‌ഐ നേതാക്കൾ അനീഷിന്റെ വീട്ടിലെത്തി സഹായം വാഗ്‌ദാനംചെയ്‌തിരുന്നു. അനീഷിന്റെ കൂടി താൽപ്പര്യം പരിഗണിച്ച്‌ എത്രയുംപെട്ടെന്ന്‌ ജീപ്പ്‌ കൈമാറുമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ പറഞ്ഞു. 
    വിനോദസഞ്ചാരകേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പോടിച്ചായിരുന്നു അനീഷ്‌ കുടുംബംപോറ്റിയിരുന്നത്‌. ഉരുൾപൊട്ടലിൽ അനീഷിനും ഭാര്യക്കും സാരമായി പരിക്കേറ്റിരുന്നു.  ഇരുവരും ഇപ്പോൾ മാനിവയലിൽ വാടകവീട്ടിലാണ്‌ കഴിയുന്നത്‌. ഉരുൾപൊട്ടലുണ്ടായ നാൾമുതൽ രക്ഷാപ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ ഡിവൈഎഫ്‌ഐ ദുരിതബാധിതർക്ക്‌ ജീവിതം കെട്ടിപ്പടുക്കുന്നതിലും മുൻപന്തിയിലാണ്‌. ദുരന്തഭൂമിയിൽ വീട്‌ നഷ്ടമായവർക്ക് ഡിവൈഎഫ്‌ഐ ആദ്യഘട്ടത്തിൽ 25 വീട്‌ നിർമിച്ചുനൽകാൻ തിരുമാനിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ അനീഷിനെ പോലുള്ളവർക്ക്‌ താങ്ങാകാനും സന്നദ്ധരാവുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top