23 December Monday
അതിജീവിക്കാൻ തൊഴിൽമേളയും

59 പേര്‍ക്ക് ജോലി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

മേപ്പാടിയിലെ തൊഴിൽ മേളയിൽ നിന്ന്

മേപ്പാടി
താൽക്കാലിക പുനരധിവാസത്തിനൊപ്പം ദുരിതബാധിതർക്ക്‌ തൊഴിലൊരുക്കിയും സർക്കാരിന്റെ ചേർത്തുപിടിക്കൽ. അതിജീവനത്തിന്‌ എല്ലാവഴികളും തേടുകയാണ്‌. വിവിധ കമ്പനികളെ പങ്കെടുപ്പിച്ച്‌ മേപ്പാടിയിൽ നടത്തിയ തൊഴിൽമേളയിലൂടെ 59 പേർക്ക് ജോലി നൽകി. 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴിൽ ദാതാക്കളും മുന്നൂറോളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. തെരഞ്ഞെടുത്ത 10 ഉദ്യോഗാർഥികൾക്ക് മന്ത്രി കെ രാജൻ നിയമനരേഖ  കൈമാറി. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, മർകസ് നോളജ് സിറ്റി, ഇൻഡസ് മോട്ടോഴ്സ് തുടങ്ങിയ തൊഴിൽദാതാക്കളുടെ നിയമന രേഖയാണ്‌ നൽകിയത്‌.  
ഡിഡിയു-ജികെവൈ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ ഭരണസംവിധാനവും കുടുംബശ്രീ ജില്ലാ മിഷനും ചേർന്നാണ്‌  ‘ഞങ്ങളുമുണ്ട് കൂടെ' തൊഴിൽമേള സംഘടിപ്പിച്ചത്‌. രണ്ടാംഘട്ടം കൽപ്പറ്റയിൽ നടത്തും. മേപ്പാടി സിഡിഎസ് ഓഫീസിലെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സെന്ററിൽ ഉദ്യോഗാർഥികൾക്ക്‌ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ്  കോ -ഓർഡിനേറ്റർമാരായ വി കെ റജീന, കെ സെലീന, കെ അമീൻ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ സി സി നിഷാദ്, എൻ പി ഷിബു, ജില്ലാ പ്രോഗ്രാം മാനേജർമാരായ ജെൻസൺ എം ജോയ്, കെ അപ്സന എന്നിവർ നേതൃത്വം നൽകി.
 
ഓരോന്നിലും 
കരുതൽ:
മന്ത്രി കെ രാജൻ
മേപ്പാടി 
ഉരുൾപൊട്ടൽ ദുരന്തം അതിജീവിക്കുന്നതിന്‌ ഓരോ കാര്യത്തിലും കരുതലോടെയും ശ്രദ്ധയോടുകൂടിയും ഇടപെടാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ തൊഴിൽമേള ഉദ്‌ഘാടനംചെയ്‌ത്‌ മന്ത്രി കെ കെ രാജൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ തൊഴിൽമേള സംഘടിപ്പിച്ചത്‌.   തൊഴിലവസരത്തിന്റെ പുനരേകീകരണമാണ് ലക്ഷ്യം. ദുരന്തപശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ മുമ്പിൽ അവതരിപ്പിച്ച പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന്‌ തൊഴിലവസരത്തിന്റെ പുനരേകീകരണമാണെന്നും മന്ത്രി പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top