22 November Friday

നവജാതശിശുവിന്റെ കൊലപാതകം തെളിവെടുപ്പിന്‌ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

 

കൽപ്പറ്റ
നവജാതശിശുവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതികളെ  തെളിവെടുപ്പിനായി കസ്റ്റഡിയിൽ ലഭിക്കാൻ  പൊലീസ്‌ കോടതിയിൽ അപേക്ഷ നൽകി. കൽപ്പറ്റ പള്ളിത്താഴെ സ്വകാര്യ ടൂറിസ്റ്റ്‌ ഹോമിലെ ജീവനക്കാരും നേപ്പാൾ സ്വദേശികളുമായ മഞ്ജുസൗദ്, ഭർത്താവ്‌ അമർ ബാദുർ സൗദ്-, മകൻ റോഷൻ സൗദ്‌ എന്നിവരാണ്‌ പ്രതികൾ. റോഷനോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത്‌ നേപ്പാൾ സെമിൻപൂൾ സ്വദേശിയായ  യുവതി പ്രസവിച്ച കുഞ്ഞിനെയാണ്‌ കൊലപ്പെടുത്തിയത്‌.  പ്രതികൾ മാനന്തവാടിയിലെ ജില്ലാ ജയിലിലാണ്‌. 
യുവതി ഗർഭം ധരിച്ച്‌ ഏഴുമാസമായപ്പോൾ അലസിപ്പിക്കാൻ റോഷന്റെ അമ്മ മഞ്ജു മരുന്നുനൽകി. രണ്ട് ദിവസം കഴിഞ്ഞ്‌ യുവതി ടൂറിസ്‌റ്റ്‌ ഹോമിലെ ശുചിമുറിയിൽ  പ്രസവിച്ചു. കുട്ടിക്ക്‌ ജീവനുണ്ടെന്ന്‌ മനസ്സിലാക്കി മഞ്ജു കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. മൃതദേഹം തുണിയിൽ പൊതിഞ്ഞ്‌  വൈത്തിരിയിലെത്തിച്ച്‌  ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. നാലുമാസം മുമ്പായിരുന്നു കൊലപാതകം.  പ്രസവശേഷം നേപ്പാളിലേക്ക്‌ തിരിച്ചുപോയ യുവതി കഴിഞ്ഞ 20ന്‌ തിരിച്ചെത്തി പൊലീസിൽ പരാതി നൽകി.  അന്നുതന്നെ പ്രതികളെ കസ്‌റ്റഡിയിലെടുത്തു.  മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തടക്കം തെളിവെടുക്കാനാണ്‌ അന്വേഷക സംഘം പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ കൽപ്പറ്റ ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യൽ കോടതിയിൽ അപേക്ഷ നൽകിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top