ബത്തേരി
ഉദ്‌ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും ഒരു ദിവസംപോലും തുറന്ന് പ്രവർത്തിപ്പിക്കാതെ നൂൽപ്പുഴയിൽ പഞ്ചായത്തിന്റെ പൈതൃക മ്യൂസിയം. 2015–-2020 വർഷം പഞ്ചായത്ത് ഭരിച്ച എൽഡിഎഫ് ഭരണസമിതിയാണ് പതിനൊന്നാം വാർഡിലെ തേക്കുംപറ്റയിൽ പൈതൃക മ്യൂസിയത്തിന് തുടക്കമിട്ടത്. പഞ്ചായത്തിന്റെ 10 ലക്ഷവും സംസ്ഥാന സർക്കാരിന്റെ 30 ലക്ഷവും വിനിയോഗിച്ച് മനോഹരമായ കെട്ടിടവും നിർമിച്ചു.
ആദിവാസികളും ആദ്യകാല കുടിയേറ്റ കർഷകരും ഉപയോഗിച്ചിരുന്ന പുരാതന ആയുധങ്ങളും ഉപകരണങ്ങളും അപൂർവമായ വസ്തുക്കളും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം നിർമിച്ചത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അപൂർവങ്ങളായ നിരവധി വസ്തുക്കൾ സംഭാവനയായും വിലകൊടുത്തും വാങ്ങി. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് ഭരണസമിതി ലക്ഷങ്ങൾ ഉപയോഗിച്ച് ഫർണിച്ചറുകളും മറ്റും വാങ്ങി. 2022 സെപ്‌തംബർ 16ന് മ്യൂസിയം ഉദ്‌ഘാടനംചെയ്‌തു. പിന്നീടുള്ള ഒരു ദിവസംപോലും മ്യൂസിയം തുറന്നില്ല. ചുറ്റുമതിലില്ലാത്തതിനാൽ കെട്ടിടം നാടോടികളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമായി. മ്യൂസിയത്തിനകത്തെയും പുറത്തെയും വിലപിടിപ്പുള്ള വസ്തുക്കളിൽ പലതും നഷ്ടപ്പെട്ടു. തുറക്കാത്ത മ്യൂസിയത്തിന് അടുത്ത കാലത്ത് പഞ്ചായത്ത് ചുറ്റുമതിൽ, മുറ്റം ടൈൽ പതിപ്പിക്കൽ പ്രവൃത്തി നടത്തിയെങ്കിലും പണി പൂർത്തീകരിച്ചില്ല. നടത്തിപ്പ് സ്വകാര്യവ്യക്തിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഇപ്പോൾ പഞ്ചായത്തിന്റെ വിശദീകരണം. വിദ്യാർഥികൾക്കും സഞ്ചാരികൾക്കുമെല്ലാം ഉപകാരപ്രദമാകേണ്ട മ്യൂസിയമാണ് പഞ്ചായത്തിന്റെ അനാസ്ഥയിൽ അടഞ്ഞുകിടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..