19 December Thursday

മാറ്റിപ്പാർപ്പിച്ചവരെ ‘വെട്ടി’ പഞ്ചായത്ത് തിരികെ കയറ്റി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ലിസ്റ്റിൽ അർഹരായവരെ ഉൾപ്പെടുത്തണമെന്നവശ്യപ്പെട്ട് സിപിഐ എംനേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെക്കുന്നു

മേപ്പാടി
ഉരുൾപൊട്ടലിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കൊയ്നാക്കുളം, നീലിക്കാപ്പ് മേഖലയിലുള്ളവർക്കും ദുരിതാശ്വാസ ആനുകൂല്യം ലഭിക്കും.  സിപിഐ എം നേതൃത്വത്തിൽ  മേപ്പാടി പഞ്ചായത്ത് ഓഫീസിൽ  നടത്തിയ  സമരത്തെ തുടർന്നാണ്‌ നടപടി. തിങ്കളാഴ്ച തന്നെ അഞ്ചുപേർക്ക് 10,000 രൂപയുടെ അടിയന്തര സഹായം ലഭിച്ചു.
 108 പേരെയാണ് പഞ്ചായത്ത് ദുരിതാശ്വാസ പട്ടികയിൽനിന്ന്‌ ഒഴിവാക്കിയത്‌. സമരത്തെ തുടർന്ന്‌ ഉൾപ്പെടുത്തി. 
 ഉരുൾപൊട്ടലിനെ തുടർന്ന് കൊയ്നാക്കുളം, നീലിക്കാപ്പ് എന്നിവിടങ്ങളിലുള്ളവരെയും ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.   എന്നാൽ ക്യാമ്പുകളിലുള്ളവരെക്കുറിച്ച്  കൃത്യമായ കണക്കുകൾ പഞ്ചായത്ത് ശേഖരിച്ചില്ല. ഇതോടെ അർഹരായ നിരവധി പേർ ലിസ്റ്റിൽ നിന്ന്‌ തഴയപ്പെട്ടു. ഇവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ  ആനുകൂല്യവും നിഷേധിക്കപ്പെട്ടു.  ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവരുടെ എണ്ണം റവന്യു വിഭാഗത്തിന്റെ കണക്കിനേക്കാൾ കുറവായിരുന്നു പഞ്ചായത്തിന്റെ പട്ടികയിൽ. അപാകം തിരുത്താൻ ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്ത് തയ്യാറായില്ല. ഇതോടെയാണ് തിങ്കൾ പകൽ പതിനൊന്നോടെ സിപിഐ എം പ്രവർത്തകരും നേതാക്കളും സമരവുമായി പഞ്ചായത്ത് ഓഫീസിലെത്തിയത്.
 മാറ്റിപ്പാർപ്പിച്ച മുഴുവൻ പേരെയും ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റ്, വെെസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അംഗീകരിച്ചില്ല. ഇതോടെ സെക്രട്ടറിയുടെ ക്യാബിനിൽ കുത്തിയിരിപ്പ്  ആരംഭിച്ചു.  ലിസ്റ്റ് തയ്യാറാക്കേണ്ടത് റവന്യു വിഭാഗമാണെന്ന നിലപാടിലായിരുന്നു സെക്രട്ടറി.  തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തതോടെ കൂടുതൽ പ്രവർത്തകരും ഓഫീസിലെത്തി. 
പകൽ ഒന്നിന്‌ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു സംഘം എത്തി ചർച്ച നടത്തി.  ഇതിൽ മാറ്റിപ്പാർപ്പിച്ചവരുടെ  ലിസ്റ്റ് തയ്യാറാക്കേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണെന്ന് ഡെപ്യൂട്ടി തഹസിൽദാർ അറിയിച്ചു. വിട്ടുപോയവരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താനും അവർക്ക് ആനുകൂല്യം നൽകാനും യോഗത്തിൽ തീരുമാനമായി. അഞ്ചുപേർക്ക് അടിയന്തര സഹായമായ 10,000 രൂപയും അനുവദിച്ചു.  ബാക്കിയുള്ളവർക്ക് വരും ദിവസത്തിൽ നൽകും. 
സമരത്തിന് സിപിഐ എം മേപ്പാടി നോർത്ത്  ലോക്കൽ സെക്രട്ടറി കെ കെ സഹദ്, ചൂരൽമല ലോക്കൽ സെക്രട്ടറി എം ബെെജു, കെ അബ്ദുറഹിമാൻ, സി ഷംസുദീൻ, ജോബിഷ്‌ കുര്യൻ, രതീഷ്, ജിതിൻ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top