ബത്തേരി
പാമ്പ് കടിയേറ്റ വിദ്യാർഥിനിക്ക് ചികിത്സ നൽകുന്നതിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വീഴ്‌ച്ചസംഭവിച്ചതായി ആശുപത്രി വികസന സമിതി.
ഷഹലയെ ആശുപത്രിയിലെത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിലും സ്‌റ്റോറിലും ആന്റിവെനമുണ്ടായിരുന്നു. മരുന്നില്ലാതിരുന്നതിനാലാണ് ചികിത്സ നൽകാൻ കഴിയാതിരുന്നതെന്ന ഡോക്ടറുടെ പ്രചാരണം തെറ്റാണ്. പൂർണസമയ സൂപ്രണ്ട് ഇല്ലാത്തതിനാൽ പുതിയസൂപ്രണ്ടിനെ ലഭിക്കുന്നതുവരെ ഡെപ്യൂട്ടി ഡിഎംഒ ക്ക് സൂപ്രണ്ടിന്റെ ചുമതല നൽകാമെന്ന് യോഗത്തിൽ ഡിഎംഒ ഉറപ്പുനൽകി.
അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒന്നിലധികം ഡോക്ടർമാർ കൂടിയാലോചന നടത്തി തീരുമാനം എടുക്കാൻ കാൾ സിസ്റ്റം ശക്തിപ്പെടുത്തും. അത്യാഹിതവിഭാഗത്തിലെ തിരക്ക് പരിഗണിച്ച് എൻഎച്ച്എം സഹായത്തോടെ ഈവനിങ് ഒപി ആരംഭിക്കും. സാധാരണ ഒപി, സ്പെഷ്യലിറ്റി ഒപി എന്നിവയുടെ പ്രവർത്തനം പൂർത്തീകരിക്കാൻ തീരുമാനമായി. സേവനം മെച്ചപ്പെടുത്താൻ ഡോക്ടർമാർ മറ്റ് ജീവനക്കാർ എന്നിവരുടെ യോഗം നടത്തും. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയെ കാണും. പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി അധ്യക്ഷയായി. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ടി എൽ സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂർ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക, എൻ എച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അബിലാഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..