പുൽപ്പള്ളി
മഴ മാറ്റത്തിനൊപ്പം കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗവും വ്യാപിച്ചതോടെ മനംമടുത്ത് കർഷകർ. ദാസനക്കര, കുറിച്ചിപ്പറ്റ, ആലൂർക്കുന്ന്, മൂഴിമല, ചേലൂർ, കബനിഗിരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രോഗം ബാധിച്ചിട്ടുണ്ട്. വർഷങ്ങളായി വില നിലവാരം വ്യത്യാസമില്ലാതെ നിൽക്കുന്നുവെന്നതാണ് കർഷകരെ കൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. മെച്ചപ്പെട്ട രീതിയിൽ കുരുമുളക് ഉൽപ്പാദിപ്പിക്കുവാൻ സാധിച്ചാൽ ശരാശരി വരുമാനം കർഷകർക്ക് ലഭിക്കും. വർഷങ്ങൾക്കുമുമ്പ് അതി സമ്പന്നമായിരുന്ന കുരുമുളക് കൃഷി വിവിധ കാരണങ്ങളാൽ നശിച്ചുപോയി. പിന്നീട് കർഷകർ പല രീതികളിലൂടെ കുരുമുളക് കൃഷി വീണ്ടും വളർത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മിക്കപ്പോഴും കൃഷിയെ പ്രതിസന്ധിയിലാക്കുകയാണ്. കനത്ത മഴ മൂലം മണ്ണിന്റെ സമ്പുഷ്ടി നഷ്ടപ്പെട്ടുപോയതും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ചൂട് കൂടുകയും അതിതീവ്ര മഴ പെയ്യുകയും ചെയ്യുന്നത് കുരുമുളക് ചെടിയുടെ വളർച്ചയ്ക്ക് പ്രതികൂലമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. മഴ മാറ്റത്തോടുകൂടി തോട്ടങ്ങളിൽ വ്യാപകമായ രീതിയിൽ മഞ്ഞളിപ്പ് രോഗം പടർന്നുപിടിക്കുന്നത് കർഷകരിൽ ആശങ്കയുണർത്തിയിട്ടുണ്ട്.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പെരുകുന്ന നിമാവിരകളാണ് പ്രധാനമായും കുരുമുളക് ചെടികളെ ആക്രമിച്ച് നശിപ്പിക്കുന്നത്. ഇവയോടൊപ്പം ഫൈറ്റോഫ്തോറ കുമിളുകളും ചേരുന്നതോടെ ചെടി അതിവേഗത്തിൽ നശിച്ചുപോകും. ചെടി മഞ്ഞനിറത്തിൽ കാണുന്നതോടുകൂടി വേരുകൾ ചീഞ്ഞുപോകുന്നു. ചികിത്സ പലപ്പോഴും അസാധ്യമാണെന്ന് കർഷകർ പറയുന്നു. രോഗം എന്താണെന്ന് തിരിച്ചറിയുന്നതിന് മുമ്പേ ചെടി പൂർണമായും നശിച്ചുപോകുന്ന സാഹചര്യമാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..