പി എ മുഹമ്മദ് നഗർ
ജില്ലയിലെ ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിന് ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങളും ഇടപെടലുകളും ശക്തിപ്പെടുത്തുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ റഫീഖും മുൻ സെക്രട്ടറി പി ഗഗാറിനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർടിയുടെ ബഹുജന പിന്തുണ വർധിപ്പിക്കാനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇതിനനുസൃതമായ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. യുവജനങ്ങളുടെയും വനിതകളുടെയും പ്രാതിനിധ്യം വർധിപ്പിച്ചു. നിരവധി സവിശേഷതകളുള്ള ജില്ലയാണ് വയനാട്. ആദിവാസി ജനവിഭാഗങ്ങൾ ഏറെയുണ്ട്. ഇവരുടെ ക്ഷേമം പ്രധാനമാണ്. കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്‌നങ്ങളുണ്ട്. ഒരുപാട് പ്രയാസം അനുഭവിക്കുന്നവരാണ് ഇവരെല്ലാം. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് പ്രധാനം. ഇതെല്ലാം സമ്മേളനം ചർച്ചചെയ്‌തു. ഏറ്റവും പ്രധാനം മുണ്ടക്കൈ–- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസമാണ്. പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അതിനനുസരിച്ചുള്ള നടപടി സംസ്ഥാന സർക്കാർ എടുക്കുന്നുണ്ട്. വന്യമൃഗശല്യം, രാത്രിയാത്രാ നിരോധനം, ചുരം ബദൽപാത, ആദിവാസി ഭൂപ്രശ്‌നം, തോട്ടം തൊളിലാളികളുടെ ഭവന നിർമാണം തുടങ്ങിയ വിഷയങ്ങൾ ഗൗരവത്തോടെ ചർച്ചചെയ്ത് പ്രമേയം പാസാക്കി തീരുമാനമെടുത്തു. ഇതിനനുസരിച്ചുള്ള ഇടപെടലുകളും പ്രക്ഷോഭങ്ങളുമുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..