സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗർ (ബത്തേരി)
ബത്തേരിയെ ചെങ്കടലാക്കിയ പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സിപിഐ എം ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. വരുംകാല പോരാട്ടങ്ങൾക്കായി ഊർജം സംഭരിച്ച പ്രതിനിധി സമ്മേളനത്തിനുശേഷം നടന്ന ചുവപ്പ്‌സേനാ മാർച്ചും ബഹുജനപ്രകടനവും ജില്ലയിലെ സിപിഐ എമ്മിന്റെ ശക്തി വിളിച്ചോതുന്നതായി.
കാൽലക്ഷംപേരാണ് ബത്തേരി പട്ടണത്തെ മുദ്രാവാക്യമുഖരിതമാക്കിയത്. പ്രകടനത്തിന് അഭിവാദ്യം അർപ്പിക്കാൻ വഴിയോരത്ത് ആയിരങ്ങൾ തടിച്ചുകൂടി.
വൈകിട്ട് 4.45ന് ആരംഭിച്ച പ്രകടനം 7.30 വരെ നീണ്ടു. ബത്തേരി നഗരസഭാ സ്‌റ്റേഡിയത്തിൽ ചുവപ്പ്‌സേനാ അംഗങ്ങൾ പ്രവേശിക്കുമ്പോഴും കണ്ണിമുറിയാത്ത പ്രകടനം ടെക്‌നിക്കൽ സ്‌കൂൾ വരെ നീളുകയായിരുന്നു. എട്ട് ഏരിയകളിലെ ചുവപ്പ്‌സേനാ പ്ലാറ്റൂണുകൾക്കും ബാൻഡ് മേളങ്ങൾ അകമ്പടിയേകി. ചുവപ്പ്‌സേനക്ക് പുറകിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ജില്ലാകമ്മിറ്റി അംഗങ്ങളും പ്രതിനിധികളും അണിനിരന്നു.
കുട്ടികൾ, സ്‌ത്രീകൾ, യുവജനങ്ങൾ, മുതിർന്നവർ തുടങ്ങി നാടിന്റെ നാനാതുറയിലുള്ളവർ എട്ട് എരിയാ കമ്മിറ്റികൾ ഉയർത്തിയ ബാനറിന് കീഴിൽ പ്രകടനമായി. പനമരം ഏരിയയിൽ നിന്നുള്ളവരായിരുന്നു ബഹുജന പ്രകടത്തിന്റെ മുൻനിരയിൽ. മാനന്തവാടി, വൈത്തിരി, കോട്ടത്തറ, കൽപ്പറ്റ, പുൽപ്പള്ളി, മീനങ്ങാടി ഏരിയാ കമ്മിറ്റികളിലെ പ്രവർത്തകർ യഥാക്രമം അണിനിരന്നു. ആതിഥേയരായ ബത്തേരി ഏരിയാ കമ്മിറ്റി പ്രകടനത്തിലെ അവസാന ഭാഗത്ത് ചേർന്നു. നഗരസഭാ സ്‌റ്റേഡിയത്തിൽ പൊതുസമ്മേളനം ആരംഭിക്കുമ്പോഴും നഗരത്തിൽ പ്രകടനം തുടരുകയായിരുന്നു.
ഗ്യാലറിയിലും മൈതാനത്തും തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി കെ റഫീഖ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി ഒ ആർ കേളു, പി ഗാഗാറിൻ, സി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാ–-കായിക മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. ഗായകൻ അലോഷിയുടെ ഗാനസന്ധ്യയോടെയാണ് പൊതുസമ്മേളനത്തിന് സമാപനമായത്. സംഘാടകസമിതി ചെയർമാൻ വി വി ബേബി സ്വാഗതവും കൺവീനർ പി ആർ ജയപ്രകാശ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..