23 December Monday
മാലിന്യ സംസ്‌കരണം

65 കോടിയുടെ പദ്ധതിയുമായി ശുചിത്വമിഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
 
കൽപ്പറ്റ
സമഗ്രമായ ശാസ്ത്രീയ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ജില്ലയിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ 65 കോടിയുടെ പദ്ധതി. 23 പഞ്ചായത്തുകളിലും മൂന്ന്‌ നഗരസഭകളിലുമായി ഒരുവർഷംകൊണ്ട്‌ നടപ്പാക്കുന്ന കർമപദ്ധതി ശുചിത്വ മിഷൻ തയ്യാറാക്കി. മാലിന്യസംസ്കരണ സംവിധാനങ്ങളുടെ സമ്പൂർണതയും സുസ്ഥിരതയും ഉറപ്പാക്കി ജനങ്ങളുടെ മനോഭാവത്തിൽ മാറ്റംവരുത്തുകയാണ്‌ കർമപദ്ധതിയുടെ ലക്ഷ്യം. 
 മാലിന്യസംസ്കരണം ആകർഷകമായ തൊഴിൽ മേഖലയാക്കുക, മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വാതിൽപ്പടി ശേഖരണം നൂറുശതമാനത്തിലേക്ക്‌ ഉയർത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ആധുനീകരണം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ്‌ കർമപദ്ധതി. 
തദ്ദേശ സ്ഥാപനങ്ങളിലുള്ള മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി (എംസിഎഫ്) പദ്ധതി കൂടുതൽ വിപുലമാക്കും. മിനി എംസിഎഫ്, ബോട്ടിൽ ബൂത്ത്, കലക്‌ടേഴ്‌സ്‌ അറ്റ് സ്കൂൾ തുടങ്ങിയവയും കൂടുതൽ സജീവമാക്കും. മാലിന്യശേഖരണത്തിന്‌ കൂടുതൽ വാഹനങ്ങൾ അനുവദിക്കും. സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്‌. 
 ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടന്ന പ്രോജക്ട് ക്ലിനിക്കിലാണ്‌ 65 കോടി രൂപയുടെ പദ്ധതി ആസൂത്രണംചെയ്തത്. പ്രോജക്ട് ക്ലിനിക് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ് ഉദ്ഘാടനംചെയ്തു. അസിസ്റ്റന്റ് ഡയറക്ടർമാരായ ജോമോൻ ജോർജ്, ഡോ. അനുപമ, ജില്ലാ കോ ഓർഡിനേറ്റർ എസ്‌ ഹർഷൻ, എസ് ഷാജി, പി എൻ സുരേന്ദ്രൻ, കെ റഹിം ഫൈസൽ, കെ അനൂപ്, പി എസ്‌ സഞ്ജയ്, നിധി കൃഷ്ണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top