കൽപ്പറ്റ
ജില്ലയിൽ കോൺഗ്രസിനെ നയിക്കുന്നത് ഉപജാപക സംഘമാണെന്ന് കെപിസിസി അംഗം കെ കെ വിശ്വനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്നുള്ള രാജിപ്രഖ്യാപനത്തിനായി വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആക്ഷേപം. കൺവീനർ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെ ആഞ്ഞടിച്ചു.
അപ്പച്ചൻ ഗ്രൂപ്പ് പ്രവർത്തനമാണ് നടത്തുന്നതെന്ന് ആരോപിച്ചു. ജില്ലയിൽ കോൺഗ്രസ് തകർന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് 53,000ത്തോളം വോട്ട് കുറഞ്ഞു. ഒട്ടേറെ കോൺഗ്രസ് കുടുംബങ്ങൾ വോട്ട് ചെയ്യാതെ മാറിനിന്നു. ജില്ലയിലെ 576 ബൂത്ത് കമ്മിറ്റികളിൽ 200 എണ്ണമാണ് പ്രവർത്തിക്കുന്നത്. മണ്ഡലം കമ്മിറ്റികളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. 2000ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25,000 വോട്ടുകൾക്ക് ജയിച്ച അപ്പച്ചൻ പിന്നീട് ഡിഐസിയിലേക്ക് പോയി. വീണ്ടും യുഡിഎഫിലെത്തി മത്സരിച്ചപ്പോൾ 26,500 വോട്ടുകൾക്ക് ബത്തേരിയിൽ പരാജയപ്പെട്ടു. കോൺഗ്രസുകാർ അദ്ദേഹത്തിന് എതിരാണെന്ന് ഇതിൽ വ്യക്തമാണ്. ഡിഐസി ഉണ്ടാക്കി കോൺഗ്രസിനെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ കെ കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ളവരാണ് പാർടിയെ സംരക്ഷിച്ചത്. എന്നാൽ ഇന്ന് ഇവരെ അവഗണിക്കുകയാണ്. തന്നെ ഡൽഹിയിൽനിന്ന് നോമിനേറ്റ് ചെയ്‌തതാണെന്നും വയനാട്ടിൽ ആരോടും കടപ്പാടില്ലെന്നുമാണ് അപ്പച്ചന്റെ നിലപാട്.
ബുധനാഴ്‌ച എഐസിസി ഭാരവാഹികളായ കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ നേതൃയോഗത്തിനായി ജില്ലയിലെത്തും. പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് വിഷയം. ഈ വാർത്ത മാധ്യമങ്ങളിൽ കൊടുക്കാൻ ഡിസിസിയിൽ എഴുതിക്കൊടുത്തെങ്കിലും തടഞ്ഞുവച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫിന്റെ ഭാവിയിൽ ഉത്കണ്‌ഠയുണ്ട്. ഒരു തരത്തിലും പാർടി രക്ഷപ്പെടില്ലെന്ന തോന്നൽ പ്രവർത്തകരിൽ കൂടിവരികയാണെന്നും വിശ്വനാഥൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..