23 December Monday

കുതിരപ്പന്തയ പരിശീലനകേന്ദ്രം: പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ചേകാടിയിലെ കുതിരപ്പന്തയ പരിശീലനകേന്ദ്രം

 പുൽപ്പള്ളി

 ചേകാടിയുടെ ജൈവമേഖലയെ തകിടം മറിക്കുന്ന അനധികൃത  കുതിരപ്പന്തയ പരിശീലനകേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം.  താഴെശേരി നഗറിന് സമീപം 20 ഏക്കർ  വയൽ വാങ്ങിയാണ്‌ അനുമതിയില്ലാതെ കുതിരകളെ പരിശീലിപ്പിക്കുന്ന കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നത്‌.    കൃഷി നടത്തിക്കൊണ്ടിരിക്കുന്ന വയൽച്ചാലുകൾ കീറിയാണ്‌ നിർമാണം നടത്തുന്നത്‌. ഈ ചാലുകളിലൂടെ കുതിരകളുടെ വിസർജ്യങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നു. പുഴപ്പുറമ്പോക്ക് കൈയേറി ഏറുമാടവും പണിതിട്ടുണ്ട്‌.  മുളങ്കൂട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്‌.  13 കുതിരകളാണിവിടെയുള്ളത്‌.  യഥാർഥ ഉടമകൾ ആരെന്നത് നാട്ടുകാർക്ക് അറിയില്ല. സ്ഥലം വിൽപ്പന  രഹസ്യമായാണ്‌ നടന്നത്‌. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുകൾ കീറിയത് മൂലം തന്റെ വീട് അപകടത്തിലാണെന്ന പരാതിയുമായി സമീപവാസിയായ രുഗ്മിണി പൂതമ്പുര രംഗത്തുവന്നു.  
 
 പ്രവൃത്തി നിർത്തണം
 പുൽപ്പള്ളി 
ചേകാടിയിൽ കുതിര പരിശീലന കേന്ദ്രത്തിലെ നിർമാണങ്ങൾ നിർത്തിവയ്‌ക്കാൻ പുൽപ്പള്ളി വില്ലേജ്‌ ഓഫീസ്‌ ഉത്തരവ്‌ നൽകി.  നെൽവയൽ തണ്ണീർത്തട നിയമപ്രകാരമാണ് ഉത്തരവ്‌ നൽകിയത്‌.  ഭൂമി രൂപാന്തരപ്പെടുത്തുന്നത്‌ നെൽവയൽ തണ്ണീർത്തട നിയമപ്രകാരം ഗുരുതര നിയമലംഘനമാണെന്നും നടത്തിവരുന്ന നിർമാണപ്രവൃത്തികൾ  നിർത്തിവയ്‌ക്കണമെന്നും  നിർമിതികൾ പൊളിച്ച് നീക്കണമെന്നും ഉത്തരവിൽ പറയുന്നു.
 
 നിർമാണം ദുരൂഹം: അന്വേഷണം വേണം –- സിപിഐ എം
---------------------------------------------------------------------------------------------------പുൽപ്പള്ളി
കുതിരപ്പന്തയ പരിശീലനകേന്ദ്രത്തിന്റെ നിർമാണം ദുരൂഹമാണ്‌. ഇത്‌ സംബന്ധിച്ച്‌ അടിയന്തര അന്വേഷണം വേണമെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
നടത്തിപ്പുകാരിൽ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരുമുണ്ട്.
 ഒരു ഭാഗം കബനി നദിയും മറ്റു മൂന്നു ഭാഗങ്ങൾ വനങ്ങളാലും ചുറ്റപ്പെട്ട ചേകാടി ഒരു ഉൾനാടൻ ഗ്രാമമാണ്. അവിടെയാണ് ഇപ്പോൾ പുറമേ നിന്നുള്ള ആളുകൾ വന്ന് സ്ഥലം വാങ്ങി അനധികൃത നിർമാണപ്രവൃത്തികൾ തുടങ്ങിയത്.  ആഴത്തിലുളള ചാലുകൾ കീറി കൃഷിയിടം നശിപ്പിച്ചു.  ഇവിടെ സ്ഥാപിച്ചിട്ടുള്ള ഏറുമാടം അടക്കമുള്ളതിലേക്ക്‌  വൈദ്യുതി കണക്‌ഷൻ ലഭിച്ചത്‌  അന്വേഷിക്കണം.   ഗ്രാമീണരുടെ  സ്വൈരജീവിതം നശിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണോ ഇതിന്റെ പുറകിലുള്ളത് എന്നത് അന്വേഷിക്കണം.  പഞ്ചായത്ത് അധികാരികൾ ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.  
എം എസ് സുരേഷ് ബാബു, പി ജെ പൗലോസ്,  രുഗ്മിണി സുബ്രഹ്മണ്യൻ,  എ വി ജയൻ, സജി മാത്യു, ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു.
 
Caption : 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top