26 December Thursday

സിത്താറാം വയലിൽ കടുവ പശുവിനെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023
കുന്നമ്പറ്റ
സിത്താറാംവയലിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു ഭക്ഷിച്ചു. സിത്താറാംവയൽ ബിജുവിന്റെ രണ്ടു വയസ്സുള്ള പശുവിനെയാണ് ശനിയാഴ്ച കടുവ ആക്രമിച്ചത്. രാവിലെ വീടിന് സമീപത്തെ തോട്ടത്തിൽ രണ്ട് പശുക്കളെ മേയാൻ വിട്ടതായിരുന്നു. 
 പകൽ പന്ത്രണ്ടോടെ കഴുത്തിന് മുറിവേറ്റ നിലയിൽ ഒരു പശു പേടിച്ചരണ്ട് വീട്ടിലേക്ക് ഓടിയെത്തി. കൂടെ ഉണ്ടായിരുന്ന പശുവിനെ അന്വേഷിച്ചു തോട്ടത്തിലേക്ക് ചെന്നെങ്കിലും കണ്ടില്ല. ഞായറാഴ്ചയാണ്  ഭക്ഷിച്ച നിലയിൽ തോട്ടത്തിൽ കണ്ടത്. ഒരേ സ്ഥലത്തുനിന്ന് മൂന്നാമത്തെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.
ആറ് മാസം മുമ്പ് ബിജുവിൻ്റെ തന്നെ നാല് വയസ്സുള്ള ഗർഭിണിയായ പശുവിനെയും  പ്രദേശവാസിയായ ജയൻ്റെ പശുവിനെയും കടുവ ആക്രമിച്ചു കൊന്നിരുന്നു. 
സമീപത്തെ എസ്റ്റേറ്റിൽ ജോലിക്ക് പോകുന്ന തൊഴിലാളികൾ കാൽപ്പാടും കണ്ടിരുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴുത്തിന് കടിയേറ്റ രണ്ടര വയസ്സുള്ള പശു അവശനിലയിലാണ്. ആക്രമണശേഷം ബിജു പശുക്കളെ മേയാൻ വിട്ടിട്ടില്ല. 
ജനവാസ മേഖലയിൽ കടുവ വീണ്ടും ഇറങ്ങുമോ എന്നുള്ള ഭയത്തിലാണ് എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും. എസ്റ്റേറ്റിൻ്റെ കാടുമൂടി കിടക്കുന്ന ഭാഗങ്ങളിൽ കടുവ തമ്പടിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്ന്  മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ഹരിലാൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top