നീർവാരം
നീർവാരത്തെ വയനാട് ജില്ലാ വടംവലി മത്സരത്തിൽ പോർവിളികളില്ല, സ്‌നേഹത്തിന്റെ മാധുര്യംമാത്രം. രണ്ടാം വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീർവാരം കർഷകനാദം കൂട്ടായ്മ സംഘടിപ്പിച്ച വടംവലി മത്സരം സംഘാടക മികവുകൊണ്ടും, പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഞായറാഴ്ച നടന്ന മത്സരത്തിൽ 28 ടീമുകൾ മാറ്റുരച്ചു. മത്സരം വീക്ഷിക്കാൻ അയ്യായിരത്തോളം പേർ ഒഴുകിയെത്തി. വടംവലി മത്സരങ്ങളിൽ നിന്ന് സമാഹരിച്ച തുകയിൽ പ്രദേശത്ത് അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള യുവാവിന് 25,000 രൂപ കൈമാറി. കൂടാതെ നീർവാരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവനം ചാരിറ്റബിൾ ട്രസ്റ്റിന് ആവശ്യമായ സെമി ഫോളർ കട്ടിലുകളും നൽകി. കഴിഞ്ഞ വർഷവും മത്സരങ്ങളിൽനിന്ന് സമാഹരിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറിയിരുന്നു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മറ്റു കലാ കായിക രംഗത്ത് മികവ് തെളിയിച്ചവരെയും അനുമോദിച്ചു. വടംവലി മത്സരത്തിൽ കൽപ്പറ്റ റോയൽ സഫാരി ഹോളിഡേയ്‌സ് സ്‌പോൺസർ ചെയ്ത ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ഒന്നാം സ്ഥാനവും, ബത്തേരി സുൽത്താൻ ബോയ്‌സ് രണ്ടാം സ്ഥാനവും നേടി.
ഒ ആർ കേളു എംഎൽഎ മത്സരം ഉദ്ഘാടനംചെയ്തു. സിബി ദിവാകർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖില പി ആന്റണി, അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ ജിമ്മി ജോസഫ്, കെ എ ഫിലോമിന, കല്യാണി ബാബു, ജെയിംസ് കാഞ്ഞിരത്തിങ്കൽ, ജിമ്മി കോടികുളം, എം കെ ബിനു, പി എൻ സുരേഷ് ബാബു, ബിജു മണിയട്ടേൽ, കെ വി വിവേക്, കെ വി വിനീത്, ഇ വി ഷിജു, ഉദയകുമാർ എന്നിവർ സംസാരിച്ചു. സനീഷ് എം എസ് സ്വാഗതവും കെ എസ് പ്രദീഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..