കൽപ്പറ്റ
ചുണ്ടേൽ ആനപ്പാറയിലെ എസ്‌റ്റേറ്റിൽ പശുക്കളെ കൊന്ന് ഭീതി പരത്തുന്ന കടുവകളുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞു. മൂന്ന് കുട്ടികളും തള്ളയുമാണ് പ്രദേശത്തെ തേയിലത്തോട്ടത്തിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങുന്നതെന്ന് വനപാലകർ സ്ഥിരീകരിച്ചു. ഇതിൽ രണ്ടെണ്ണത്തിന്റെ ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്.
തോട്ടത്തിൽ മേയാൻ വിട്ട മൂന്ന് പശുക്കളെ ഞായറാഴ്‌ചയാണ് കടുവ പിടികൂടി കൊന്നത്. തിങ്കളും ചൊവ്വയും രാത്രിയിൽ പ്രദേശത്ത് വീണ്ടും കടുവയെത്തുകയും കാമറ ട്രാപ്പിന് അരികിൽ ഇരയായി വച്ചിരുന്ന പശുക്കളുടെ ജഡം ഭക്ഷിക്കുകയുംചെയ്‌തു. കടുവയെ കൂടുവച്ച് പിടികൂടാനുള്ള അനുമതിക്കായുള്ള റിപ്പോർട്ട് ഉത്തരമേഖല സിസിഎഫിന് നൽകിയതായി സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദം ലഭിച്ചാൽ ഉടൻ കൂടുവയ്‌ക്കും.
വനപാലകരും ആർആർടി അംഗങ്ങളും മുഴുവൻ സമയവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലൈവ് കാമറയിലെയും ട്രാപ്പിലെയും ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ച് കടുവയുടെ നീക്കം മനസ്സിലാക്കിയാണ് നിരീക്ഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..