27 September Friday

കുട്ടികൾക്കായി സംവാദ വേദി; ഗുഡ്‌മോണിങ്‌ കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കളക്ടർ ഡി ആർ മേഘശ്രീ കളക്ടറേറ്റിൽ വിദ്യാർഥികളുമായി സംവദിക്കുന്നു

കൽപ്പറ്റ
ജീവിതപാഠങ്ങളുടെ പുതിയ ക്ലാസ്‌ മുറിയായി മാറുകയായിരുന്നു  കലക്ടറുടെ ഓഫീസ് മുറി. ആദ്യമായതിന്റെ അങ്കലാപ്പ്‌ മാറിയപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാമായി കുട്ടികൾക്കെല്ലാം ആവേശമായി. അതുവരെയും ഭരണനിർവഹണത്തിന്റെ മാത്രം ചർച്ചകൾ നിറഞ്ഞിരുന്ന ജില്ലാ ഭരണസിരാകേന്ദ്രത്തിലെ ഓഫീസിനും ഇത് പുതുമയുള്ള അനുഭവമായി.  കലക്ടർ ഡി ആർ മേഘശ്രീയാണ് ഗുഡ് മോണിങ്ങ് കലക്ടർ എന്നപേരിൽ കുട്ടികളുമായുള്ള സംവാദപരിപാടിക്ക്  തുടക്കം കുറിച്ചത്. ഇതാദ്യമായാണ് തുടർച്ചയായി കുട്ടികൾക്കൊപ്പമുള്ള ചർച്ചയ്ക്കായി ആഴ്ചകൾതോറും കലക്ടർ പ്രത്യേക സമയം മാറ്റിവയ്‌ക്കുന്നത്.  പ്രഥമ പരിപാടിയിൽ മുട്ടിൽ ഡബ്ല്യുഎംഒ സ്‌കൂളിലെ കുട്ടികളായിരുന്നു അതിഥികൾ.  സാമൂഹികം, സാംസ്‌കാരികം, വിദ്യാഭ്യാസം  തുടങ്ങി വിവിധ മേഖലകളെക്കുറിച്ചായിരുന്നു കുട്ടികളുടെ സംശയം. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞും തിരികെ ചോദ്യങ്ങൾ ചോദിച്ചും  കലക്ടറും സജീവമായി.   ഉരുൾപൊട്ടൽ ദുരന്തത്തിൽ   കലക്ടറുടെ ദൗത്യനിർവഹണത്തിന്റെ അനുഭവങ്ങൾ കുട്ടികൾ ചോദിച്ചറിഞ്ഞു. രാവിലെ 9.30 മുതൽ 10 വരെ തുടർന്ന സംവാദ പരിപാടിയിൽ 15 വിദ്യാർഥികളാണ് പങ്കെടുത്തത്.   ഹൈസ്‌കൂൾ മുതൽ മുകളിലെ ക്ലാസിൽ പഠിക്കുന്നവർക്കാണ് ഗുഡ് മോണിങ്ങ് കലക്ടർ സംവാദത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. എല്ലാ ബുധനാഴ്ചയും രാവിലെ 9.30 മുതൽ 10 വരെ  കലക്ടറുടെ ചേംബറിലാണ് സംവാദം അരങ്ങേറുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top