ബത്തേരി
ടൗണിനോടുചേർന്ന് വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നിരവധി ആളുകളെ കടിച്ച് പരിക്കേൽപ്പിച്ച തെരുവുനായയെ പിടികൂടി. വെള്ളി പകൽ മൂന്നരയോടെ പൂമല സ്‌കൂളിന് സമീപത്തുവച്ചാണ് പിടികൂടിയത്. നായപിടിത്തത്തിൽ വിദഗ്ധനായ പിണങ്ങോട് സ്വദേശി താഹിർ, സഞ്ജിത്ത് പിണങ്ങോട് എന്നിവരാണ് നായയെ വലയിലാക്കിയത്. വിവിധ പ്രദേശങ്ങളിലേക്ക് നിർത്താതെ ഓടിയ നായയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. രണ്ട് ദിവസങ്ങളിലായി 18 പേരെയാണ് തെരുവുനായ കടിച്ചത്. വെള്ളി രാവിലെ കല്ലുവയൽ, മണിച്ചിറ, മാവാടി, പൂമല ഭാഗങ്ങളിലായി എട്ടുപേരെ തെരുവുനായ ആക്രമിച്ചു. മണിച്ചിറ സ്വദേശികളായ വാസു, സലിം, കല്ലുവൽ സ്വദേശികളായ ജോസ്, ഹുസൈൻ, വത്സ, കുഞ്ഞാമിന എന്നിവർക്കാണ് പരിക്കേറ്റത്.
ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എല്ലാവരുടെയും കാലുകൾക്കാണ് പരിക്കേറ്റത്. ആഴത്തിലുള്ള മുറിവുകളുണ്ട്.
പ്രദേശത്തിലൂടെ ഓടിനടന്ന നായ വഴിയിലൂടെ നടന്നുവന്നവരെയെല്ലാം ആക്രമിക്കാൻ ശ്രമിച്ചു. ചിലർ ഓടിമാറി രക്ഷപ്പെട്ടു. വാഹനങ്ങൾക്ക് നേരെയും കുരച്ചുചാടി. വാക്സിനേഷനടക്കം ആവശ്യമായ എല്ലാ ചികിത്സകളും നൽകിയ ശേഷമാണ് പരിക്കേറ്റവർ ആശുപത്രി വിട്ടത്.
മിക്കവരെയും റോഡിലൂടെ നടന്നുപോകുമ്പോഴാണ് ആക്രമിച്ചത്. വിവിധയിടങ്ങളിൽ പൂച്ച, കോഴി, ആട് എന്നീ വളർത്തുമൃഗങ്ങൾക്കും തെരുവിലൂടെ അലഞ്ഞുനടക്കുന്ന മൃഗങ്ങൾക്കും കടിയേറ്റു. ഇവയെല്ലാം നിരീക്ഷണത്തിലാണ്. തെരുവ് നായക്ക് പേ വിഷബാധയുണ്ടോ എന്നറിയാൻ സാമ്പിൾ പരിശോധനക്കയക്കും.
വ്യാഴാഴ്ച വിദ്യാർഥിയും അതിഥി തൊഴിലാളിയുമടക്കം 10 പേർക്ക് പരിക്കേറ്റിരുന്നു.
ഇവരെല്ലാം താലൂക്ക് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു.
പടം....
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..