രണ്ടുമാസമായി തൃശിലേരി മുത്തുമാരിയിൽ നിരന്തര ശല്യമായ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് കുങ്കിയാനകളെ എത്തിച്ചെങ്കിലും അവയെ വകവയ്‌ക്കാതെ വീണ്ടും കാട്ടാനയെത്തി. വെള്ളി പുലർച്ചെ വെള്ളികുന്നേൽ സണ്ണിയുടെ കൃഷിയിടത്തിലെത്തിയ ആന പത്ത് സെന്റ് സ്ഥലത്തെ തെങ്ങും വാഴകളും നശിപ്പിച്ചു. കനത്ത മഴയായതിനാൽ വീട്ടുകാർ ആന എത്തിയത് അറിഞ്ഞിരുന്നില്ല. നേരം പുലർന്നതോടെ ആനയെ കണ്ട അയൽവാസികൾ വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി ആനയെ കാട്ടിലേക്ക് തുരത്തി. മാസങ്ങളായി ഈ പ്രദേശത്ത് ആനശല്യം ഉണ്ടായതിനെ തുടർന്ന് വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങയിൽനിന്ന് ഭരത്, ഉണ്ണികൃഷ്ണൻ എന്ന രണ്ട് കുങ്കിയാനകളെ വ്യാഴാഴ്ച സ്ഥലത്തെത്തിച്ചിരുന്നു. ഇവരെ കുന്നിൻ മുകളിൽ പാർപ്പിക്കുകയുംചെയ്തു. എന്നാൽ കുങ്കിയാനകളുടെ സാമീപ്യമില്ലാത്ത മറ്റൊരു വഴിയിലൂടെ കുന്നിന്റെ താഴ്വാരത്ത് എത്തിയാണ് ആന കൃഷിനാശം ഉണ്ടാക്കിയിരിക്കുന്നത്. തുടർന്ന് വെള്ളി രാവിലെ മുതൽ കുങ്കി ആനകളെ ഉപയോഗപ്പെടുത്തി ആനയുടെ സാമീപ്യമുണ്ടാവാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. റെയ്‌ഞ്ച് ഓഫീസർമാരായ കെ രാകേഷ്, റോസ് മേരി, വി പി സനൂപ് കൃഷ്ണൻ, ആർആർടി സെക്ഷൻ ഓഫീസർ ഇ സി രാജു, തിരുനെല്ലി ഡെപ്യൂട്ടി റെയ്‌ഞ്ചർ ജയേഷ് ജോസഫ്, തൃശിലേരി സെക്‌ഷൻ ഫോറസ്റ്റർ കെ കെ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 35 അംഗ വനപാലക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ശല്യക്കാരായ ആനകൾക്കെതിരായി അടുത്ത ദിവസങ്ങളിലും തിരച്ചിൽ നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..