17 September Tuesday

കുടുംബങ്ങൾ മടങ്ങി, 
ഇന്നുമുതൽ കുട്ടികളെത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

മുണ്ടക്കൈ ചൂരൽമല സ്‌കൂളിലെ കുട്ടികൾക്ക് പഠനം ഒരുക്കുന്നതിനായി മേപ്പാടി സ്‌കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കുന്നു

മേപ്പാടി
എല്ലാം നഷ്ടപ്പെട്ടെത്തിയവർക്ക്‌ തണലായി നിന്ന മേപ്പാടി സ്‌കൂളിൽ ചൊവ്വാഴ്‌ച പഠനം തുടങ്ങും. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ചൊവ്വാഴ്‌ച വീണ്ടും തുറക്കും. അതിജീവന പോരാട്ടത്തിനൊപ്പം സ്‌നേഹത്തിന്റെയും കരുതലിന്റെയും പുതുപാഠങ്ങൾ പരസ്‌പരം പങ്കുവെയ്‌ക്കാനൊരുങ്ങുകയാണ്‌ വിദ്യാർഥികൾ. 
സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയായി. ക്ലാസ്‌ മുറികളും ബെഞ്ചും ഡസ്‌കുമെല്ലാം കഴുകി വൃത്തിയാക്കി.  സ്‌കൂൾ പരിസരവും വൃത്തിയാക്കി. എസ്‌പിസി, എൻഎസ്‌എസ്‌, വിക്ടറി ക്ലബ്‌, അധ്യാപകർ, ജീവനക്കാർ, പിടിഎ എന്നിവരെല്ലാം ശുചീകരണത്തിൽ പങ്കാളികളായി. 
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ മൂന്ന്‌ കുട്ടികളുടെ ജീവൻ പൊലിഞ്ഞു. കൂടാതെ പല കുട്ടികൾക്കും  വീടും കിടപ്പാടവും നഷ്‌ടമായി. ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്നതിനിടയിലും എല്ലാം നഷ്‌ടപ്പെട്ടവർക്ക്‌  സ്വാന്തനവും സംരക്ഷണവും  നൽകി ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചതിൽ മുൻനിരയിലുണ്ടായിരുന്നതും  മേപ്പാടി ജിഎച്ച്‌എസ്‌എസായിരുന്നു. എണ്ണൂറോളം പേരാണ്‌ ആദ്യദിനങ്ങളിൽ ക്യാമ്പിൽ താമസിച്ചിരുന്നത്‌. ഇവരുടെയെല്ലാം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കിയാണ്‌ സ്‌കൂൾ വീണ്ടും തുറക്കുന്നത്‌. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 1800ലധികം കുട്ടികളാണ്‌ മേപ്പാടി ജിഎച്ച്‌എസ്‌എസിൽ പഠിക്കുന്നത്‌. ഇവർക്കെല്ലാം സ്‌കൂളിലെത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ വിദ്യാർഥികളും സെപ്‌തംബർ രണ്ടുമുതൽ ഇവിടേക്ക്‌ എത്തും. മേപ്പാടി ജിഎച്ച്‌എസ്‌ സ്‌കൂൾ മൈതാനത്തിനോട്‌ ചേർന്നുള്ള മറ്റൊരു  കെട്ടിടത്തിലാണ്‌ വെള്ളാർമല സ്‌കൂൾ പ്രവർത്തിക്കുക. സ്‌റ്റാഫ്‌ റൂമും പ്രത്യേകം ഒരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top