05 December Thursday

വിനോദം വീണ്ടും വിരിയും ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

 

കൽപ്പറ്റ
ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ വഴിയൊരുങ്ങി. സന്ദർശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച്‌ കേന്ദ്രങ്ങൾ വൈകാതെ തുറക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കാനുള്ള സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കുറുവാ ദ്വീപിൽ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ മരിക്കാനിടയായ സംഭവത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് ടൂറിസം പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നത്‌. ഏഴ്‌ മാസത്തോളമായി കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്‌. സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇപ്പോൾ ഹൈക്കോടതി അനുമതി നൽകിയത്. 
     ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന്‌  ജില്ലയുടെ വിനോദസഞ്ചാരമേഖല ഒരു മാസത്തോളം പ്രതിസന്ധിയിലായിരുന്നു. ഓണക്കാലത്തോടെ മേഖല അതിജീവനപാതയിലെത്തിയതിന്‌ പിന്നാലെയാണ്‌ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമാവാനൊരുങ്ങുന്നത്‌. കുറുവ ദ്വീപിലെ  ജീവനക്കാരൻ വി പി പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന്‌  ഫെബ്രുവരി 17നാണ്‌ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടത്‌.    കേന്ദ്രങ്ങൾ അടച്ചിട്ടതുമായി ബന്ധപ്പെട്ട കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സന്ദർശകരുടെ എണ്ണം കുറച്ച്  ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനായുള്ള ചില നിർദേശങ്ങൾ കോടതി മുമ്പാകെ വന്നിരുന്നു. ഇതിനിടയിലാണ്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായതും ജില്ലയുടെ മൊത്തം വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രതിസന്ധിയിലായതും. 
   ജില്ലയിൽ 11 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്. സൗത്ത് വയനാട്ടിൽ നാലും നോർത്ത് വയനാട്ടിൽ അഞ്ചും വന്യജീവി സങ്കേതത്തിനുള്ളിൽ രണ്ടും കേന്ദ്രങ്ങൾ.  മുന്നൂറിലേറെ കുടുംബങ്ങളാണ്‌ ഈ കേന്ദ്രങ്ങളെ നേരിട്ട്‌ ആശ്രയിക്കുന്നത്‌.  തട്ടുകടകൾ, ഹോട്ടലുകൾ, ടാക്സി തൊഴിലാളികൾ, ഹോംസ്‌റ്റേ നടത്തിപ്പുകാർ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മേഖലയിലുള്ളവർക്കും ഇക്കോ കേന്ദ്രങ്ങൾ തുറക്കുന്നതോടെ വലിയ ആശ്വാസമേകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top