26 December Thursday

വീരകഥകൾ പറയുന്നു; 
മാവിലാംതോട്ടിലെ പഴശ്ശി പാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
പുൽപ്പള്ളി 
 വീരപഴശ്ശിയുടെ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന ചരിത്രമാണീ പാർക്ക്‌ നിറയെ. ചരിത്രവും വിനോദവും ഇടകലരുന്ന  വണ്ടിക്കടവ്  മാവിലാംതോട്ടിലെ പഴശ്ശി പാർക്കിലേയ്ക്ക്  നിരവധി സന്ദർശകരാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.   തലകുനിക്കാത്ത ധീരതയുടെ പ്രതീകവുമായി നിൽക്കുന്ന  വീരപഴശ്ശി പ്രതിമയ്ക്ക് സമീപം ഫോട്ടോയെടുക്കാമെന്ന പ്രത്യേകതയിവിടെയുണ്ട്‌.    
കുട്ടികൾക്ക് കളിക്കുന്നതിനായി വൈവിധ്യമാർന്ന സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്.  മനോഹരമായ പൂന്തോട്ടങ്ങളാണെവിടെയും.   സൗഹൃദം പങ്കിടാനും ഓർമകൾ അയവിറക്കുവാനും  തയ്യാറാക്കിയ ഇരിപ്പിടങ്ങൾ ധാരാളം. ഊഞ്ഞാലാടുന്നതിനും സൗകര്യമുണ്ട്. സന്ദർശകർക്ക് പൂക്കൾക്കൊപ്പം ഫോട്ടോ എടുക്കാം.   ഇവിടെ വരുന്നവർക്ക് പോരാട്ടത്തിന്റെ ചരിത്രം വിവരിക്കാൻ ജീവനക്കാർ സജീവമായി രംഗത്തുണ്ട്.  വിശാലമായ വാഹന പാർക്കിങ്‌ സൗകര്യവും പ്രത്യേകതയാണ്‌. 
  മ്യൂസിയത്തിന്‌ മുന്നിലായി ഉയർന്നുനിൽക്കുന്ന പുളിമരം  ഒരു ഫോട്ടോ പോലെ മനോഹരമാണ്. ഇവിടെ നിൽക്കുമ്പോൾ കർണാടക വനം കാണാം. ചിലപ്പോൾ  കാട്ടുമൃഗങ്ങൾ നടന്നുപോകുന്നതും കാണാൻ കഴിയും.  വനത്തോടുചേർന്നുകിടക്കുന്ന സ്ഥലമായതിനാൽ നല്ല സുഖമുള്ള കാലാവസ്ഥയാണ് എപ്പോഴും. മനോഹരമായ പഴശ്ശിരാജാ ലാൻഡ് സ്കേപ്പ് മ്യൂസിയം സന്ദർശിക്കുന്ന ഒരാൾ വീരപഴശ്ശിയുടെ പോരാട്ട കഥകളുടെ ആവേശവും പ്രകൃതിയുടെ സൗന്ദര്യവും പകർന്നെടുത്താണ് തിരിച്ചുപോവുക. പാർക്കിന്‌ സമീപത്തുതന്നെയാണ് ഏറ്റവും മനോഹരമായ കൊളവള്ളി ഗ്രാമം.    14 മുതൽ 22 വരെ  2631 സന്ദർശകരാണ്‌ ഇവിടെ എത്തിയത്‌.  -73,615 രൂപയുടെ വരുമാനമുണ്ടായി. 
പ്രവേശന സമയം രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top