26 December Thursday

മീനങ്ങാടിയെ മിനുക്കിയ ട്രാക്ടറിന്‌ ഇനി വിശ്രമജീവതം

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023

പോൾസണും കുടുംബവും ട്രാക്ടറിനരികെ

 
കൽപ്പറ്റ 
രണ്ടര പതിറ്റാണ്ടിലധികം മീനങ്ങാടിയുടെ മാലിന്യം വഹിച്ചുള്ള ഓട്ടത്തിലായിരുന്നു. ഇനിയും ജോലിചെയ്യാനുള്ള ശേഷിയുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ   നിയമക്കുരുക്കിൽ നിർബന്ധിത വിശ്രമജീവിതത്തിലേക്ക്‌ നീങ്ങുകയാണ്‌  ട്രാക്ടർ. വിങ്ങുന്ന മനസ്സോടെ അവസാന യാത്രയിലും ഡ്രൈവിങ് സീറ്റിൽ പോൾസണുണ്ടായിരുന്നു. മാലിന്യം കൊണ്ടുപോകുന്ന വാഹനം ഇത്രമേൽ കാത്തുസൂക്ഷിച്ച  ഡ്രൈവർ വേറെ ഉണ്ടാവില്ല.  27 വർഷം തുടർന്ന ഈ മാതൃകക്ക്‌   മീനങ്ങാടി  പൗരസമിതി ഹൃദ്യമായ യാത്രയയപ്പ് നൽകി.  കുടുംബത്തോടൊപ്പമെത്തിയാണ് വീട്ടിലെ അംഗത്തെ പോലെ കരുതിയ ട്രാക്ടർ സംരക്ഷിച്ചതിനുള്ള ഉപഹാരം പോൾസൺ സ്വീകരിച്ചത്.    കേക്ക് മുറിച്ചുകൊണ്ടാണ് ലോട്ടറി മുക്കിലെ കൂട്ടുകാർ ഡ്രൈവർ പോൾസണോടുള്ള സ്നേഹാദരം പ്രകടിപ്പിച്ചത്.  മീനങ്ങാടിക്കാരായ സാബു സേവിയർ, ദിലീപ്, സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും പരിപാടിയെ മനോഹരമാക്കി. ഇനിയും ഏറെ വർഷങ്ങൾ ഓടാനുള്ള കരുത്ത് ട്രാക്ടറിനുണ്ടെങ്കിലും 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിയമത്തെ തുടർന്നാണ് ട്രാക്ടർ സേവനം അവസാനിപ്പിക്കുന്നത്. ട്രാക്ടറിന്റെ 25–-ാം വാർഷികം മീനങ്ങാടിയിൽ ആഘോഷമാക്കിയിരുന്നു. 1997 ആഗസ്ത് എട്ടിനാണ് പാലക്കാട് ഷോറൂമിൽനിന്ന് ട്രാക്ടർ പോൾസൺ ചുരം കയറ്റി മീനങ്ങാടിയിലെത്തിച്ചത്. അന്ന് മുതൽ തുടങ്ങിയതാണ് ട്രാക്ടറും പോൾസണും തമ്മിലുള്ള ബന്ധം.  കാൽനൂറ്റാണ്ടിന്റെ പഴക്കം പോയിട്ട് അഞ്ച് വർഷത്തെ പഴക്കംപോലും തോന്നില്ല  വണ്ടി കണ്ടാൽ. നഗരമാലിന്യം ചുമക്കലാണ്  ജോലിയെങ്കിലും ആഴ്ചയിൽ മൂന്ന് തവണ കഴുകി വൃത്തിയാക്കുന്ന  ട്രാക്ടർ കാഴ്ചയിൽ ഇന്നും പുതു പുത്തനാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top