21 November Thursday

ഇഞ്ചിവില ഉയർന്നുതന്നെ കാർഷിക മേഖലയിൽ ഉണർവ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023

 

കൽപ്പറ്റ
 മുൻവർഷങ്ങളെ അപേക്ഷിച്ച്‌  ഇഞ്ചിക്ക്‌ നല്ല വില ലഭിക്കുന്നതോടെ വയനാട്ടിലും കർണാടകയിലെ  ഇഞ്ചിപ്പാടങ്ങളിലും ഉണർവ്‌.  ഉൽപ്പാദനക്കുറവാണ് ഇഞ്ചി വില വർധനക്ക് പ്രധാന കാരണമായത്. ഏറെക്കാലത്തിന്‌ ശേഷമാണ്‌   ഇഞ്ചിക്ക് മികച്ച വില തുടരുന്നത്. മുൻവർഷങ്ങളിൽ നിരവധി കർഷകർ ഇഞ്ചികൃഷിയിൽ സജീവമായിരുന്നു.
എന്നാൽ കൃഷിക്കിറക്കിയ തുകപോലും തിരിച്ചുപിടിക്കാനായില്ല   നഷ്ടക്കണക്കുകൾ മാത്രമാണ് പറയാനുണ്ടായിരുന്നത്. വിലയിടിവിനെ തുടർന്ന് നിരവധി കർഷകർ കടക്കെണിയിലായി.  പ്രധാനമായും മലയാളികൾ കർണാടകയിലായിരുന്നു ഇഞ്ചികൃഷി നടത്തിയിരുന്നത്‌. ഏക്കർ കണക്കിന്‌ ഭൂമി പാട്ടത്തിനെടുത്ത്‌ ലക്ഷങ്ങൾ മുടക്കിയുള്ള കൃഷിയാണിത്‌. കഴിഞ്ഞവർഷങ്ങളിൽ  ഇഞ്ചികൃഷി നടത്തിയിരുന്ന പലരും നഷ്‌ടം പറ്റിയതിനാൽ കർണാടകയിലെ കൃഷി നിർത്തി.  ഇത്തവണ വയനാട്ടിൽ കൃഷിയിറക്കുകയായിരുന്നു.  ഉയർന്ന പാട്ടത്തുക  വേണ്ടന്നതാണ്‌  ഇവിടെ
കൃഷിയിറക്കാൻ പലരേയും പ്രേരിപ്പിച്ചത്‌.   ജില്ലയിലെ  തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലാണ് പലരും ഇത്തവണ ഇഞ്ചികൃഷിക്കായി ഉപയോഗിച്ചത്‌.   
കിലോയക്ക്‌ 150 രൂപ നിരക്കിലാണ്‌ ചെറുകിട വിപണയിൽ പച്ച ഇഞ്ചി വിൽക്കുന്നത്‌.  60 കിലോ അടങ്ങുന്ന ഒരു ചാക്ക്‌ പുതിയ ഇഞ്ചിക്ക്‌ 4200 രൂപയാണ്‌ വില.   മഴ കൃത്യസമയത്ത്‌ ലഭിക്കാതിരുന്നത്‌ മൊത്തത്തിൽ ഇഞ്ചി ഉൽപ്പാദനം കുറയാനിടയാക്കി.  രാജ്യത്ത് ഇഞ്ചിയുടെ ഉൽപ്പാദനം ഇത്തവണ കുത്തനെ കുറഞ്ഞിട്ടുണ്ട്‌.  ഇതാണ്‌ ഇഞ്ചിവില ഉയരാനുള്ള പ്രധാന കാരണം.  വില മാസങ്ങളായി സ്ഥിരതയിൽ നിൽക്കുന്നതിൽ അടുത്ത വിളവെടുപ്പിനായി കൂടുതൽ ഇഞ്ചിനടാനുള്ള തയ്യാറെടുപ്പിലാണ്‌ കർഷകർ. രോഗബാധ ഉണ്ടാകാതിരുന്നാൽ മികച്ച വിളവ് പ്രതീക്ഷിക്കുന്നവരാണ് കർഷകരിൽ ഭൂരിഭാഗവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top