ബത്തേരി
വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ച കോൺഗ്രസിന് തിരിച്ചടി നൽകാനുള്ള ഊർജമായി കൺവൻഷൻ മാറി. ബത്തേരി സിഎസ്‌ഐ പാരിഷ് ഹാളിൽ നടന്ന കൺവൻഷനിൽ വൻ ജനാവലി പങ്കെടുത്തു.
28, 29, 30, 31 തീയതികളിൽ മണ്ഡലത്തിലെ ലോക്കൽ കൺവൻഷനുകൾ പൂർത്തിയാകുന്നതോടെ വീടുകൾ കയറിയുള്ള പ്രവർത്തനം സജീവമാകും. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കുന്നതിനായി ഒന്നടങ്കം രംഗത്തിറങ്ങുമെന്ന് കൺവൻഷൻ പ്രഖ്യാപിച്ചു.
മന്ത്രി ഒ ആർ കേളു കൺവൻഷൻ ഉദ്‌ഘാടനംചെയ്‌തു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ ജെ ദേവസ്യ അധ്യക്ഷനായി. സ്ഥാനാർഥി സത്യൻ മൊകേരി, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി, എൻസിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂർ എന്നിവർ സംസാരിച്ചു. ടി ജെ ചാക്കോച്ചൻ സ്വാഗതവും രുഗ്‌മിണി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. എൽഡിഎഫ് നേതാക്കളായ പി ആർ ജയപ്രകാശ്, പി കെ അനിൽകുമാർ, വിജയൻ ചെറുകര, കെ എ സ്‌കറിയ, കെ എം ബഷീർ, ബെന്നി കുറുമ്പാലക്കോട്ട, എ സുബ്രഹ്മണ്യൻ, എൻ രാജൻ, സജി വർഗീസ് എന്നിവരും പങ്കെടുത്തു.
വി വി ബേബി
ചെയർമാൻ,
ചാക്കോച്ചൻ കൺവീനർ
ബത്തേരി നിയമസഭാണ്ഡലം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി ചെയർമാനും സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി ജെ ചാക്കോച്ചൻ കൺവീനറും സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റിയംഗം ടി കെ രമേഷ് ട്രഷററുയി 501 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..