22 November Friday
നവകേരള സദസ്സിലെ നിർദേശങ്ങൾ നടപ്പാക്കുന്നു

ജില്ലക്ക് 21 കോടിയുടെ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
കൽപ്പറ്റ
ജില്ലയിലെ നവകേരള സദസ്സിൽ ഉയർന്ന പരാതികളുടെയും വികസന നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ 21 കോടിയുടെ പദ്ധതികൾ.   മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗംചേർന്ന്‌ ചർച്ചചെയ്തു.   ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ മൂന്ന് നിയമസഭാ മണ്ഡലത്തിനും ആദ്യഘട്ടത്തിൽ ഏഴ് കോടി രൂപയാണ് ലഭിക്കുക.  സംസ്ഥാന സർക്കാർ  1000 കോടി രൂപയാണ് നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന നിർദേശങ്ങൾ നടപ്പാക്കാനായി വകയിരുത്തിയത്.   മാനന്തവാടി മണ്ഡലത്തിന് ലഭിക്കുന്നഏഴ്‌ കോടി രൂപ മാനന്തവാടി മെഡിക്കൽ കോളേജിൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് വിനിയോഗിക്കും.  ഇതിലൂടെ ജില്ലയിലെ ചികിത്സാ രംഗത്തെ പ്രശ്‌നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കാനും സാധിക്കും.  അടിയന്തര ഘട്ടങ്ങളിൽ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും. മാനന്തവാടി മെഡിക്കൽ കോളേജിൽ അത്യാധുനിക സി ടി സ്‌കാനർ സ്ഥാപിക്കുന്നതിന്  3.95 കോടിയും ഡിജിറ്റൽ എക്‌സ്‌റേ സ്ഥാപിക്കുതിന് 1.71 കോടിയും സിആം മെഷീൻ സ്ഥാപിക്കുതിന് 40 ലക്ഷവും  ലാപ്രോസ്‌കോപിക് മെഷീൻ സ്ഥാപിക്കുന്നതിന് 95 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക.  മെഡിക്കൽ കോളേജിൽ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ആശുപത്രിയിൽ കാർഡിയോളജിസ്റ്റിന്റെ മുഴുവൻ സമയ സേവനം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. 
ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ 18 മാസത്തിനകം  പൂർത്തിയാക്കണമെന്നും കർശന നിർദേശമുണ്ട്.  കലക്ടർ, നിയമ സഭാംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി തെരഞ്ഞെടുക്കേണ്ടത്.  യോഗത്തിൽ  കലക്ടർ ആർഡി മേഘശ്രീ, എഡിഎം കെ ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, അസി. കലക്ടർ ഗൗതംരാജ്, നിർവഹണ  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top