22 November Friday

ഉരുളൊഴുകിയിട്ട്‌ നാളെ ഒരു മാസം അതിജീവിക്കാം ഒത്തുചേർന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ഉരുൾപൊട്ടലിൽ മരിച്ച മേപ്പാടി ജിഎച്ച്എസ്എസിലെ വിദ്യാർഥി ശരണിന്റെ സഹപാഠി റിസ്വാനെ ആശ്വസിപ്പിക്കുന്ന അധ്യാപിക എസ് രാധ

 

കൽപ്പറ്റ
മുണ്ടക്കൈ പുഞ്ചിരിമട്ടം പൊട്ടിയൊഴുകിയിട്ട്‌ വ്യാഴാഴ്‌ച ഒരുമാസം. കേരളം വിറങ്ങലിച്ച മഹാദുരന്തത്തെ നാട്‌ മറികടക്കുകയാണ്‌. അതിജീവനത്തിന്റെ പാഠങ്ങളുമായി ചൊവ്വാഴ്‌ച മേപ്പാടിയിലെ വിദ്യാലയങ്ങളിൽ അധ്യയനം പുനരാരംഭിച്ചു.  ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്ന 794 കുടുംബങ്ങളെ താൽക്കാലികമായി പുനരധിവസിപ്പിച്ചാണ്‌  ക്ലാസ്‌ ആരംഭിച്ചത്‌. ഉരുളിൽ തകർന്ന മുണ്ടക്കൈ ഗവ. എൽപിയും വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയും സെപ്‌തംബർ രണ്ടുമുതൽ മേപ്പാടിയിൽ ആരംഭിക്കും. 
ഉരുൾപൊട്ടി ഒരുമാസം തികയുമ്പോഴും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്‌.  ജൂലൈ 29ന്‌ അർധരാത്രിയാണ്‌ പുഞ്ചിരിമട്ടം പൊട്ടിയിറങ്ങി മുണ്ടക്കൈയും ചൂരൽമലയും മരണപ്പുഴയിലൂടെ ഒഴുകിപ്പോയത്‌.  270 മരണം സ്ഥിരീകരിച്ചു. 231 മൃതദേഹവും 217 ശരീരഭാഗവും ഇതുവരെ കണ്ടെത്തി. 119 പേരാണ്‌ കാണാതായവരുടെ പട്ടികയിൽ. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനാണ്‌ നാടിറങ്ങിയത്‌. സർക്കാർ സംവിധാനത്തിനൊപ്പം സംഘടനകളും സ്വന്തം ജീവൻപോലും നോക്കാതെയിറങ്ങി.
തിരച്ചിലിനും താൽക്കാലിക  പുനരധിവാസത്തിനും ഇതേ വേഗമായിരുന്നു. നാല്‌ മന്ത്രിമാരടങ്ങുന്ന ഉപസമിതി ദുരന്തമുണ്ടായതുമുതൽ ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ക്യാമ്പുകളിലുണ്ടായിരുന്ന 794 കുടുംബങ്ങളെ ഇത്രയും കുറഞ്ഞസമയംകൊണ്ട്‌ താൽക്കാലികമായി പുനരധിവസിപ്പിച്ചത്‌ സമാനതകളില്ലാത്തതായി. പുനരധിവാസത്തിന്‌ യുദ്ധസമാന പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. ദുരിതബാധിതർക്ക്‌ ഏഴുകോടിയിലധികം രൂപ  ധനസഹായമായി ഇതിനകം കൈമാറി.  
മൃതദേഹസംസ്‌കാരത്തിന്‌ അടിയന്തര സഹായമായി പതിനായിരം,  ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക്‌ പതിനായിരം, മരിച്ചവരുടെ ആശ്രിതർക്ക്‌ ആറുലക്ഷം രൂപയും നൽകി. ഉപജീവനത്തിന്‌ ഒരു കുടുംബത്തിലെ രണ്ടുപേർക്ക്‌  പ്രതിദിനം മുന്നൂറ്‌  രൂപ വീതം ഒരുമാസത്തേക്കും നൽകി. വാടകവീടുകൾ,  സർക്കാർ ക്വാർട്ടേഴ്‌സുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്കാണ്‌ ദുരിതബാധിതരെ മാറ്റിയത്‌. ഫർണിച്ചർ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും നൽകി. വീടുകൾക്ക്‌ മാസം ആറായിരം രൂപ സർക്കാർ വാടക നൽകും. പ്രത്യേക അദാലത്ത്‌ നടത്തി നഷ്ടപ്പെട്ട രേഖകൾ തിരികെ നൽകി.
ദുരന്താനന്തര ആവശ്യങ്ങൾ നിർണയിക്കാനും സ്ഥിരപുനരധിവാസത്തിനുള്ള നിർദേശങ്ങൾ നൽകാനുമായി പിഡിഎൻഎ (പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ്‌ അസസ്‌മെന്റ്‌) സംഘവും ജില്ലയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top