കൽപ്പറ്റ
എച്ച്എംഎൽ കമ്പനി തൊഴിലാളികളെ പരിഗണിക്കാതെ ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുന്നതിനെതിരെ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) തിങ്കളാഴ്‌ച എസ്റ്റേറ്റ് ഓഫീസ് മാർച്ച് നടത്തും. ചുണ്ട, അച്ചൂർ, സെന്റിനൽ റോക്ക്, അരപ്പറ്റ, തൊവരിമല എസ്റ്റേറ്റുകളിലേക്കാണ് മാർച്ച്. തൊഴിലാളികൾക്ക് 2022–--23 വർഷത്തെ ബോണസ് 8.33 ശതമാനമാണ് നൽകിയത്. ട്രേഡ് യൂണിയനോട് ചർച്ചചെയ്യാതെയാണ് ബോണസ് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയത്. തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഇത്തരം നിലപാട് കമ്പനി തിരുത്തണം. ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ സ്ഥലം വിട്ടുനൽകുക, വാസയോഗ്യമല്ലാത്ത തൊഴിലാളികളുടെ പാടികൾ പുതുക്കിപ്പണിയുക, കുടിവെള്ളം ലഭ്യമാക്കുക, അധികഭാരത്തുക വർധിപ്പിക്കുക, പാടികളുടെ ചുറ്റും ശുചീകരണ പ്രവർത്തനം നടത്തുക, ചികിത്സാ ചെലവ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എക്സിക്യൂട്ടീവ് യോഗത്തിൽ സി എച്ച് മമ്മി അധ്യക്ഷനായി. യു കരുണൻ, എം സി പ്രസാദ്, കെ ടി ബാലകൃഷ്ണൻ, കെ സൈതലവി, വി വിനോദ്, സബിത ശേഖർ, എസ് രവി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..