ബത്തേരി
വയനാട് വന്യജീവി സങ്കേതത്തിൽനിന്ന് പുള്ളിമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ. കാട്ടിക്കുളം സ്വദേശി അജിത്ത് (20) ആണ് വെള്ളിയാഴ്‌ച പിടിയിലായത്. കേസിൽ തൃശിലേരി പ്ലാമൂല മുഞ്ചിക്കണ്ടി ചന്ദ്രൻ (37), മേപ്പാടി റിപ്പൺ പള്ളിപ്പറമ്പ് ബാബുമോൻ (42), കാട്ടിക്കുളം ചേകാടി അറ്റാറ്റുകുന്ന് സ്വദേശികളായ അനീഷ് (20), പ്രകാശൻ (20), ബാലുശേരി പനങ്ങാട് സ്വദേശി കാരണത്ത് രഞ്ജിത്ത് (21) എന്നിവർ വ്യാഴം രാവിലെ അറസ്റ്റിലായി. മുത്തങ്ങ കോളൂരിനടുത്ത് മുറിയൻകുന്നിൽ ഫോറസ്‌റ്റ് ലീസ് ഭൂമി പാട്ടത്തിനെടുത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി നടത്തുന്നതിന്റെ മറവിലാണ് പ്രതികൾ വന്യജീവി സങ്കേതത്തിൽ മൃഗവേട്ട നടത്തിയത്. ബത്തേരി റെയ്‌ഞ്ച് ഓഫീസർ കെ ജെ സുധിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. 39 കിലോ മാനിറച്ചിയും മാൻതലയും രണ്ട് തോക്കും എയർഗണ്ണും കത്തികളും പ്രതികളിൽനിന്ന് കണ്ടെടുത്തു. മാസങ്ങളായി മുറിയൻകുന്ന് ഭാഗത്ത് ഇവർ മൃഗവേട്ടയിൽ ഏർപ്പെട്ടതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇറച്ചി കടത്തുന്നതിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലുണ്ട്. അറസ്‌റ്റിലായവരെ ബത്തേരി കോടതി റിമാൻഡ് ചെയ്തു. കേസിൽ ഇനിയും പ്രതികളുള്ളതായി വനപാലകർക്ക് സൂചന ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..