കൽപ്പറ്റ
കോവിഡ് കാലത്തെ വെല്ലുവിളി അതിജീവിച്ച് ജില്ലയിൽ എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌സി പരീക്ഷ പൂർത്തിയായി. കോവിഡിനെ തുടർന്ന് മുടങ്ങിപോയ പരീക്ഷകളാണ് മികച്ച മുന്നൊരുക്കങ്ങൾ നടത്തി വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ യാതൊരുപരാതിക്കും അവസരമൊരുക്കാതെ പൂർത്തികരിച്ചത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 30ന് പൂർത്തിയാകും.
പരീക്ഷ സാധാരണപോലെ കഴിഞ്ഞുപോയെന്നും ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നും പരീക്ഷക്ക് ശേഷം കുട്ടികൾ പറഞ്ഞു. കോവിഡിനെതിരെയുള്ള എല്ലാ സുരക്ഷയും ഉണ്ടായിരുന്നു. സ്‌കൂൾ ഗേറ്റിന് മുന്നിൽ തെർമൽ സ്‌ക്രീനിങ്, സാനിറ്റൈസർ, ഹാൻഡ്‌വാഷ്, മാസ്‌ക്ക്, ഗ്ലൗസ് എന്നിവയെല്ലം ഒരുക്കിയത് വേറിട്ട അനുഭവമായെന്നും വിദ്യാർഥികൾ പറഞ്ഞു. ഇതരജില്ലകളിൽ നിന്നും എത്തി ജില്ലയിൽ കുടുങ്ങിപോയ നിരവധി കുട്ടികൾ ജില്ലയിൽ പരീക്ഷ എഴുതി. അതിർത്തി സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് പ്രത്യേകം വാഹനത്തിലെത്തി പരീക്ഷ എഴുതാനും സംവിധാനം ഉണ്ടായിരുന്നു. 11797 വിദ്യാർഥികളാണ് ജില്ലയിൽ വ്യാഴാഴ്‌ച പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 37 പേർ ഹാജരായില്ല. ഇതിൽ ബഹുഭുരിഭാഗവും മാർച്ചിൽ നടന്ന ആദ്യഘട്ട പരീക്ഷയിലും പങെകടുത്തിരുന്നില്ല. വിഎച്ച്‌സിഇയിൽ 59 പേർക്കാണ് വ്യാഴാഴ്‌ച പരീക്ഷ ഉണ്ടായിരുന്നത്. ഒരു വിദ്യാർഥി പരീക്ഷക്കെത്തിയില്ല.
കണ്ടെയ്‌ൻമെന്റ് സോണിലെ കുട്ടികൾ, ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിലെ കുട്ടികൾ, അതിർത്തി സംസ്ഥാനങ്ങളിൽനിന്നും വന്ന് പരീക്ഷ എഴുതുന്നവർ, പനി ഉൾപ്പടെ രോഗലക്ഷണമുള്ളവർ എന്നിവർക്കെല്ലാം പ്രത്യേകം സൗകര്യം ഏർപെടുത്തി കോവിഡ് പരീക്ഷണത്തെ അതിജീവിക്കാൻ വിദ്യാഭ്യാസവകുപ്പിനും സർക്കാർ സംവിധാനത്തിനും കഴിഞ്ഞു.
99.5 ശതമാനം കുട്ടികൾ രണ്ടാം ദിനത്തിലും ഹയർസെക്കൻഡറി പരീക്ഷ എഴുതി. ശനിയാഴ്‌ച ഹയർസെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ കൂടി പൂർത്തിയാക്കി കൊവിഡ് പരീക്ഷണത്തിൽ നൂറുശതമാനം വിജയം കൈവരിക്കാൻ കഴിയുമെന്നാണ് ജില്ലാ അധികൃതരുടെ പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..