സ്വന്തം ലേഖകൻ
കൽപ്പറ്റ
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഏറുമ്പോൾ പഴുതടച്ച പ്രതിരോധത്തിനും ചികിത്സക്കും ആരോഗ്യവകുപ്പിന്റെ കഠിന പ്രയ്നം. സർവസന്നാഹവുമായാണ് പ്രവർത്തനം. കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രതിരോധം ശക്തമാക്കുകയാണ്. പ്രാഥമീകാരോഗ്യകേന്ദ്രങ്ങൾ മുതൽ കോവിഡ് ആശുപത്രിയിൽവരെ കൂടുതൽ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിച്ചു. 169 ജീവനക്കാർക്കാണ് വിവിധ ആശുപത്രികളിൽ നിയമനം നൽകിയത്. അടിത്തട്ട് മുതൽ കോവിഡ് ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തുകയാണ്. കോവിഡ് 19ന്റെ സമൂഹവ്യാപനം തടയുകയാണ് പ്രധാന ലക്ഷ്യം.
ഇതര സംസ്ഥാനങ്ങളിലുള്ളവരും പ്രവാസികളും വന്നുതുടങ്ങിയതോടെ ജോലിഭാരം ഏറി. എങ്കിലും മടുപ്പില്ലാതെ പണിയെടുക്കുകയാണ് ആരോഗ്യപ്രവർത്തകർ. ആശാ വർക്കർമാർ മുതൽ ഡിഎംഒവരെയുള്ള ജീവനക്കാർ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. ഹെൽത്ത് സെന്ററുകൾ മുതൽ കോവിഡ് ആശുപത്രിവരെയുള്ള സംവിധാനങ്ങളും മഹാമാരി പ്രതിരോധത്തിലും ചികിത്സയിലുമാണ്. ഫീൽഡ്‌തല പ്രവർത്തനം സമാനതയില്ലാത്തതാണ്. രോഗ ലക്ഷണങ്ങളുള്ളവർ, രോഗം സംശയിക്കുന്നവർ, ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും വരുന്നവർ, ഇവരുടെ ബന്ധുക്കൾ തുടങ്ങി മുഴുവനാളുകളെയും കണ്ടെത്തുകയും നിരീക്ഷിക്കുകയും നിർദേശങ്ങൾ നൽകുകയുമാണ്. ക്വാറന്റൈനിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങൾ മനസിലാക്കുന്നു. രോഗസംശയമുള്ള മുഴുവൻപേരുടെയും സാമ്പിളുകൾ പരിശോധിക്കുന്നു. സർവൈലൻസ് പരിശോധനകളും തുടരുന്നു. ചികിത്സക്കും പ്രതിരോധത്തിനുമൊപ്പം രോഗികളായവരുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്ന ശ്രമകരമായ പ്രവർത്തനവും നടത്തുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവരെ പരിശോധിക്കുന്നതിനായി മുത്തങ്ങ അതിർത്തിയിൽ രണ്ട് മിനി ആരോഗ്യകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഡോക്ടർമാർ, നേഴ്‌സുമാർ, നേഴ്‌സിങ് അസിസ്‌റ്റന്റുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി മുഴുവൻ ജീവക്കാരും സമർപ്പണ മനോഭാവത്തോടെയാണ് കോവിഡ് ആശുപത്രിയിൽ ജോലിചെയ്യുന്നത്.
ആരോഗ്യപ്രവർത്തകരുടെ 15 ഗ്രൂപ്പുകൾക്ക് കീഴിലാണ് കോവിഡ് പ്രതിരോധം. ഓരോസംഘത്തിനും നോഡൽ ഓഫീസർമാരുമുണ്ട്. ഓരോദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്‌മകൾ തിരുത്തിയാണ് മുന്നേറുന്നത്. സ്ഥിരജീവനക്കാരെന്നോ, താൽക്കാലിക തൊഴിലാളികളെന്ന വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..