ബത്തേരി
മാറോടിനെ ഭീതിയിലാക്കി വീണ്ടും കാട്ടാന. നൂൽപ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ ഉൾപ്പെടുന്ന കല്ലുമുക്ക് മാറോട് ഗ്രാമത്തിലാണ് ഒറ്റയാൻ തുടർച്ചയായി രണ്ടാം ദിവസം നാട്ടിലിറങ്ങിയത്. ജൂലൈ 15ന് വൈകിട്ട് മാറോട്ടെ സ്വന്തം കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ രാജു രണ്ടുദിവസം കഴിഞ്ഞ് മരിച്ചിരുന്നു. രാജുവിനെ ആക്രമിച്ച ആനയാണ് വീണ്ടും ഗ്രാമത്തിൽ കൃഷി നശിപ്പിച്ചും വീട്ടുമുറ്റങ്ങളിൽ കടന്നും നാട്ടുകാർക്ക് ഭീഷണിയാവുന്നത്. ആനയെ പേടിച്ച് രാത്രി വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഗോത്രവർഗക്കാർ മാത്രമാണ് മാറോടുള്ളത്.
നെൽകൃഷിയിൽനിന്നുള്ള വരുമാനമാണ് കുടുംബങ്ങളുടെ ആശ്രയം. പല ദിവസങ്ങളിലായി എത്തിയ കാട്ടാന ഏക്കറുകണക്കിന് ഞാറാണ് നശിപ്പിച്ചത്. പറമ്പുകളിലെ വിളകളും നശിപ്പിച്ചു. തിങ്കൾ രാത്രി മാറോട് ഭാരതിയുടെ വീടിന് മുന്നിലെ വയലിൽ ഇറങ്ങിയ ഒറ്റയാൻ വയലിലെ ഞാറും പറമ്പിലെ തെങ്ങും കവുങ്ങും നശിപ്പിച്ചു. കാട്ടാന എത്തിയ വിവരം അറിഞ്ഞിട്ടും ഭയം കാരണം ഭാരതിയും മക്കളും വീടിന് പുറത്തിറങ്ങിയില്ല. രാജുവിനെ കാട്ടാന ആക്രമിച്ച കൃഷിയിടത്തിൽനിന്ന് 20 മീറ്റർ മാത്രം അകലെയാണ് ബന്ധുവായ ഭാരതിയുടെ വീടും കൃഷിയിടവും.
ബുധൻ പുലർച്ചെ വീണ്ടും നാട്ടിലിറങ്ങിയ കൊമ്പനാന കർഷകരുടെ വിളകൾ നശിപ്പിച്ചു. വയലിൽ നട്ട ഞാറാണ് കൂടുതലും നശിപ്പിച്ചത്. രഘു, രാജേഷ് എന്നിവരുടെ വീട്ടുമുറ്റത്തും മിനിറ്റുകളോളം ആന നിലയുറപ്പിച്ചത് നാട്ടുകാരിൽ ഭീതി പടർത്തി. വീട്ടുകാർ പുറത്തിറങ്ങാത്തതുകൊണ്ടാണ് അപകടം ഒഴിവായത്. വനാതിർത്തിയിലെ ഫെൻസിങ്ങുകൾ തകർന്നത് നന്നാക്കാത്തതും ചില ഭാഗത്ത് ഫെൻസിങ് ഇല്ലാത്തതുമാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നതിന് ഇടയാക്കുന്നത്.
കാട്ടാനകൾ നാട്ടിലിറങ്ങുന്നതിനെ പ്രതിരോധിക്കുന്നതിന് നിയോഗിച്ച വാച്ചർമാർ കൃത്യമായി ജോലിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ബത്തേരി റെയ്‌ഞ്ചിലെ നായ്ക്കട്ടി ഫോറസ്‌റ്റ് റെയ്‌ഞ്ചിൽ ഉൾപ്പെടുന്ന ഗ്രാമമാണ് മാറോട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..