കൽപ്പറ്റ
രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റെന്ന പരാതിയുയർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. കുഞ്ഞിനെ വാങ്ങിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ ഒളിവിൽ പോയതായാണ് സൂചന. പൊഴുതന പഞ്ചായത്തിലെ പിണങ്ങോട് ഊരംകുന്ന് സ്വദേശിനിയുടെ കുഞ്ഞിനെയാണ് തിരുവനന്തപുരം കല്ലമ്പലം സ്വദേശികൾക്ക് കൈമാറിയതായി പരാതിയുയർന്നത്. കുഞ്ഞിന്റെ അമ്മ, മുത്തശ്ശി, കുഞ്ഞിനെ വാങ്ങിയതായി സംശയിക്കുന്ന ദമ്പതികൾ, പൊഴുതന പഞ്ചായത്ത് ആശാവർക്കർ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.
ഈ മാസം 11ന് കുഞ്ഞിനെ കൈമാറിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിലാണ് അമ്മയും കുഞ്ഞും തിരുവനന്തപുരം കല്ലമ്പലത്താണെന്ന് മനസ്സിലായത്. ഇവിടെനിന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് നാട്ടിലേക്ക് എത്തിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കിയ കുഞ്ഞിനെ വൈത്തിരിയിലെ അഡോപ്ഷൻ സെന്ററിലേക്ക് മാറ്റി.
കുഞ്ഞിനെ കൈമാറുന്നതിന് ഇടനിലക്കാരിയായെന്ന് സംശയമുയർന്നതിനെ തുടർന്നാണ് ആശാവർക്കറെ സസ്പെൻഡ് ചെയ്‌തത്. പണം കൈമാറിയതുസംബന്ധിച്ച് തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷകസംഘം. വിൽപ്പനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി കുഞ്ഞിനെ കൈമാറാൻ സന്നദ്ധമാണെന്ന് പലരോടും പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..