കൽപ്പറ്റ
കുറുവദ്വീപ് ഡിഎംസി കേന്ദ്രത്തിൽ പുതിയതായി നിർമിച്ച ബാംബു റാഫ്റ്റുകളുടെ ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു. 10 പേർക്ക് കയറാവുന്ന രീതിയിൽ അഞ്ച് റാഫ്റ്റുകളാണ് നിർമിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ വയനാട് പാക്കേജിലെ അതിഥികളായി എത്തിയ വെഞ്ഞാറമ്മൂട് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രാ സംഘം ആദ്യസവാരി നടത്തി. കുറുവദ്വീപിന്റെ വന്യസൗന്ദര്യം ആസ്വദിച്ച് കബനീ നദിയിലൂടെ 20 മിനിറ്റ് ചങ്ങാടസവാരി ഏറെ ആകർഷകമാണ്. നിലവിൽ നിർമിച്ച അഞ്ച് ചങ്ങാടങ്ങൾ 10 പേർക്ക് വീതം കയറാവുന്നതാണ്. 20 മിനിറ്റ് ദൈർഘ്യമുള്ള സവാരിക്ക് രണ്ടുപേർക്ക് 200 രൂപയും അഞ്ചുപേർക്ക് 400 രൂപയുമാണ് ചാർജ്. കുറുവദ്വീപിനകത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതിനും കയാക്കിങ് ആരംഭിക്കുന്നതിനുമുള്ള നടപടി ഉടനെ സ്വീകരിക്കും. ഉദ്ഘാടന ദിവസം 129 സഞ്ചാരികൾ കേന്ദ്രത്തിൽ റാഫ്റ്റിങ് നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സണും കുറുവദ്വീപ് ഡിഎംസി വൈസ് ചെയർമാനുമായ സി കെ രത്നവല്ലി അധ്യക്ഷയായി. മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ടി ജി ജോൺസൺ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, ഡിടിപിസി മാനേജർ എം എസ് ദിനേശൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..