22 November Friday

സ്റ്റഡ് ഫാം പൊളിച്ചുമാറ്റണം ചേകാടിയിലേക്ക്‌ കർഷക തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കെഎസ്‌കെടിയു പുൽപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ചേകാടിയിലെ സ്‌റ്റഡ്‌ ഫാമിലേക്ക്‌ നടത്തിയ മാർച്ച്‌ എം എസ്‌ സുരേഷ്‌ ബാബു ഉദ്‌ഘാടനംചെയ്യുന്നു

 

ചേകാടി
ചേകാടിയിലെ നെൽവയലിൽ പന്തയക്കുതിരകളെ പരിശീലിപ്പിക്കാനായി നിർമിച്ച സ്റ്റഡ് ഫാം പൊളിച്ചുമാറ്റി വയൽ പൂർവസ്ഥിതിയിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌കെടിയു പുൽപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സ്‌റ്റഡ്‌ ഫാമിലേക്ക്‌ മാർച്ച്‌ നടത്തി. നൂറ്റാണ്ടുകളായി നെൽകൃഷി ചെയ്യുന്ന വയലുകളാണ്‌ ചേകാടിയിലേത്‌. നിയമം ലംഘിച്ച്‌ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ചാലുകൾ കീറിയാണ്‌ ഫാം നിർമിച്ചിട്ടുള്ളത്‌. വയലുകൾ പഴയപടി നിലനിർത്തുക, നെൽവയൽ സംരക്ഷണ നിയമം കർശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ മാർച്ച്‌.  
കൃഷി ആവശ്യത്തിനെന്ന്‌ പറഞ്ഞ്‌ ഭൂമി വാങ്ങി മറ്റു ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌ കർശനമായി തടയണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. 
 റവന്യുവകുപ്പ്‌ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിർമാണം തുടരുകയാണ്‌. പഞ്ചായത്ത്‌ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കണം. ഫാം പൊളിച്ചുമാറ്റി വയൽ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി.   
മാർച്ച്‌ സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. കെ വി ജോബി അധ്യക്ഷനായി. കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി ജെ പൗലോസ്, പി എ മുഹമ്മദ്, ബൈജു നമ്പിക്കൊല്ലി, പി എസ്‌ കലേഷ്,  എം ഡി രാജഗോപാലൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top