26 December Thursday

കടുവ ദൗത്യം അമ്മക്കും മക്കൾക്കും കെണിയൊരുക്കി ഭീമൻ കൂട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

ചുണ്ടേൽ ആനപ്പാറയിലെ തേയില തോട്ടത്തിൽ വനം വകുപ്പ്‌ ഉദ്യോഗസ്ഥരും ടെക്‌നിക്കൽ ടീമും ചേർന്ന്‌ കടുവയെ പിടികൂടുന്നതിന്‌ കൂട്‌ സ്ഥാപിക്കുന്നു

കൽപ്പറ്റ
ചുണ്ടേൽ ആനപ്പാറയിൽ പശുക്കളെ കൊന്ന്‌ ഭീതി വിതക്കുന്ന കടുവകളെ പിടികൂടാൻ കൂട്‌ സ്ഥാപിച്ചു. മൈസൂരുവിൽനിന്ന്‌ കൊണ്ടുവന്ന ഭീമൻ കൂട്‌ തിങ്കൾ പകൽ ഒന്നോടെയാണ്‌ ആനപ്പാറയിൽ എത്തിച്ചത്‌. അഴിച്ച്‌ ഭാഗങ്ങളാക്കി കൊണ്ടുവന്ന കൂട്‌ 
 മൈസൂരുവിൽനിന്നെത്തിയ ആറംഗ ലിയോപാട്‌ ടാസ്‌ക്‌ ഫോഴ്‌സും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്റെ നേതൃത്വത്തിൽ ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങളും ചേർന്ന്‌ കൂട്ടിച്ചേർത്ത്‌ രാത്രി ഏഴോടെ സ്ഥാപിച്ചു.  രണ്ട്‌ ഭാഗവും തുറക്കാവുന്നതും അഴിച്ച്‌ സെറ്റുചെയ്യാവുന്നതുമാണ്‌. 
കടുവ പശുക്കളെ കൊന്നതിന്‌ സമീപം തേയിലത്തോട്ടത്തിനുള്ളിലാണ്‌ കൂട്‌ വച്ചത്‌. 
വയനാട്‌ വന്യജീവിസങ്കേതത്തിൽനിന്ന്‌ കൊണ്ടുവന്ന ചെറിയ കൂടും ഇതിനുസമീപം വച്ചിട്ടുണ്ട്‌.  
അമ്മയും മൂന്ന്‌ കുട്ടികളുമടങ്ങുന്ന കടുവാക്കുടുംബമാണ്‌  പ്രദേശത്തെ ഭീതിയിലാക്കി കറങ്ങുന്നത്‌. നാലിനെയും ഒരുമിച്ച് കൂട്ടിലാക്കാനുള്ള ദൗത്യമാണ്‌ വനംവകുപ്പിന്റേത്‌. അമ്മക്കടുവ ആദ്യം കൂട്ടിലായാൽ കുട്ടികളെ  എളുപ്പത്തിൽ കുരുക്കാനാകുമെന്ന പ്രതീക്ഷയാണ്‌ വനപാലകർക്ക്‌.  കഴിഞ്ഞ 20ന്‌ ആണ്‌ ആനപ്പാറയിൽ തോട്ടത്തിൽ മേയാൻവിട്ട മൂന്ന്‌ പശുക്കളെ കടുവ കൊന്നത്‌.  തുടർന്ന്‌ സ്ഥാപിച്ച കാമറയിൽ കടുവകളുടെ ചിത്രം പതിഞ്ഞു. ഇതോടെയാണ്‌  കൂട്‌ സ്ഥാപിക്കാൻ തീരുമാനിച്ചതും മൈസൂരൂവിൽനിന്ന്‌ കർണാടകം വനംവകുപ്പിന്റെ ഭീമൻകൂട്‌ കൊണ്ടുവന്നതും. 32 അടി നീളവും 10 അടി വീതം വീതിയും ഉയരവുമുണ്ട്‌.   പ്രദേശത്ത്‌ വനപാലകർ നിരീക്ഷണം തുടരുന്നുണ്ട്‌. 24 മണിക്കൂറും പട്രോളിങ്ങുണ്ട്.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top