മാനന്തവാടി
ഗോത്ര പ്രതിഭകളുടെ സർഗമേളയ്ക്ക് ലളിത സുന്ദര ആതിഥേയത്വം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെയും ഹോസ്‌റ്റലുകളുടെയും സംസ്ഥാന കലാമേള ‘സർഗോത്സവം’ ഇന്ന് സമാപിക്കും. സാഹിത്യകാരൻ എം ടി വാസിദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും വിയോഗത്തിൽ ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളുമില്ലാതെയാണ് സർഗോത്സവം പുരോഗമിക്കുന്നത്. ദുഃഖാചരണത്തിൽ ആർഭാടങ്ങളില്ലാതെ കൗമാരപ്രതിഭകളുടെ സർഗശേഷി മാറ്റുരയ്‌ക്കുന്ന വേദിയായി മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാറി. കൗമാര പ്രതിഭകളുടെ കലോത്സവം ആസ്വദിക്കാൻ ആയിരങ്ങളെത്തി. മാനന്തവാടി ആദ്യമായാണ് സർഗോത്സവത്തിന് വേദിയായത്. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു മത്സരങ്ങളെല്ലാം.
സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീ- പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തറുനൂറിലധികം പ്രതിഭകൾ മത്സരങ്ങൾക്ക് എത്തി. രണ്ടാം ദിനത്തിൽ പരമ്പരാഗത ഗാനം, പരമ്പരാഗത നൃത്തം, നാടകം, ലളിതഗാനം, മലയാളം ഉപന്യാസം, പ്രസംഗം, കഥാരചന എന്നീ മത്സരങ്ങൾ പൂർത്തിയായി. ഞായർ നാടോടി നൃത്തം, സംഘനൃത്തം, മിമിക്രി എന്നിവ പൂർത്തിയാക്കി കലോത്സവം സമാപിക്കും. മന്ത്രി ഒ ആർ കേളു കലോത്സവ നഗരിയിലെത്തി പരമ്പരാഗത നൃത്തവും നാടകവും ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് സാക്ഷിയായി. പട്ടികവർഗ വികസന വകുപ്പിന് കീഴിലെ നൂറ്റമ്പതിലധികം ഉദ്യോഗസ്ഥരും വിവിധ ജില്ലകളിൽനിന്നുള്ള പ്രൊമോട്ടർമാർ, വളന്റിയർമാർ എന്നിവരും മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..