മേപ്പാടി
മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് മണ്ണിടിഞ്ഞു. വനമേഖലയോട് ചേർന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. പുഴയിലൂടെ പാറക്കല്ലുകളും മരങ്ങളും മണ്ണും ഒഴുകിയെത്തി. കലങ്ങിമറിഞ്ഞാണ് പുഴയുടെ ഒഴുക്ക്. ചിലയിടങ്ങളിൽ കരകവിഞ്ഞു. തിങ്കൾ പുലർച്ചെ മണ്ണിടിഞ്ഞതായാണ് നിഗമനം. രാവിലെയാണ് പുഴയിൽ വെള്ളമുയർന്ന് ഒഴുക്ക് വർധിച്ചതായി കണ്ടത്. ഇതോടെ പുഞ്ചിരിമട്ടത്തെ ആളുകൾ പൂർണമായും ഒഴിഞ്ഞു. നാൽപ്പതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. എല്ലാവരും ബന്ധുവീടുകളിലേക്ക് മാറി. നാല് ഗോത്രകുടുംബങ്ങളെ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 15 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
2020ൽ പുഞ്ചിരിമട്ടത്ത് മണ്ണിടിഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. രണ്ടുവീടുകൾ പൂർണമായും തകർന്നു. തിങ്കൾ രാവിലെ മുണ്ടക്കൈ എട്ടാം നമ്പറിലും ചെറിയ മണ്ണിടിച്ചിലുണ്ടായി. ചൂരൽമല പുഴ നിറഞ്ഞാണ് ഒഴുകുന്നത്. കാശ്‌മീരിലെ രണ്ട് കുടുംബങ്ങളെ ഏലവയൽ അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. എട്ടുപേരാണ് ക്യാമ്പിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..