23 December Monday

കുടിവെള്ളക്ഷാമത്തിന്‌ പരിഹാരം മുള്ളൻകൊല്ലിയിൽ 50 കോടിയുടെ പദ്ധതി പുരോഗതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കുടിവെള്ള പദ്ധതിയ്‌ക്കായി പാടിച്ചിറയിൽ നിർമിച്ച ജലസംഭരണി

 

മുള്ളൻകൊല്ലി
വരൾച്ചാ ബാധിത മേഖലയായ മുള്ളൻകൊല്ലിയിലെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമായുള്ള 50 കോടിയുടെ പദ്ധതി പുരോഗമിക്കുന്നു. സംസ്ഥാന ജലവിഭവവകുപ്പ്‌, ജൽ ജീവൻ മിഷൻ എന്നിവ ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിയിൽ ജലസംഭരണിയുടെയും പമ്പ്‌ ഹൗസിന്റെയും നിർമാണം പൂർത്തിയായി. പൈപ്പിടൽ പുരോഗമിക്കുന്നു. പത്തരലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന സംഭരണി പാടിച്ചിറയിലെ കുന്നിൻമുകളിലാണ്‌ നിർമിച്ചത്‌.  എഴുപതടിയോളം  ഉയരമുണ്ട്‌.  
പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളവിതരണം ലക്ഷ്യമിട്ടാണ്‌ പദ്ധതി. 
മരക്കടവിൽ കബനിനദിയിൽനിന്ന്‌ വെള്ളം പമ്പ്‌ചെയ്‌ത്‌ കബനിഗിരിയിലെ ജലശുദ്ധീകരണ കേന്ദ്രത്തിലെത്തിക്കും. ഇവിടെനിന്ന്‌ ശുദ്ധീകരിച്ച്‌ പാടിച്ചിറയിലെ ജലസംഭരണയിൽ ശേഖരിച്ച്‌ പൈപ്പുവഴി വീടുകളിലേക്ക്‌ വിതരണംചെയ്യും. മരക്കടവിൽ പുതിയ പമ്പ്‌ ഹൗസിന്റെ നിർമാണവും  പൂർത്തിയായി. ജലവിതരണത്തിനുള്ള പൈപ്പിടൽ 60 ശതമാനത്തോളമായി. മാർച്ചോടെ പ്രവൃത്തി പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷ.
കേന്ദ്ര–-സം-സ്ഥാന സർക്കാരുകളുടെയും പഞ്ചായത്തിന്റെയും ഗുണഭോക്താക്കളുടെയും വിഹിതം ഉൾപ്പെടുത്തിയാണ്‌ പദ്ധതി തുക.  പഞ്ചായത്തിലെ ഒമ്പതിനായിരത്തോളം വീടുകളിൽ കുടിവെള്ളം എത്തിക്കും. പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ ജലവിഭവവകുപ്പിന്‌ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌. പ്രവൃത്തി പൂർത്തിയാകുന്നതോടെ മുള്ളൻകൊല്ലിയിലെ ഏറ്റവും വലിയ കുടിവെള്ള വിതരണപദ്ധതിയാകും ഇത്‌. പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പൂർണമായി പരിഹരിക്കാനാകുമെന്നാണ്‌ കരുതുന്നത്‌. 
കഴിഞ്ഞ വേനലിൽ മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. കബനി വറ്റിവരണ്ടതിനാൽ വെള്ളം പമ്പ്‌ ചെയ്യാനായില്ല. പിന്നീട്‌ കാരാപ്പുഴ അണക്കെട്ടിൽനിന്നും വെള്ളം തുറന്നുവിട്ട്‌ മരക്കടവിൽ എത്തിച്ച്‌ പമ്പ്‌ ചെയ്‌താണ്‌ ജലക്ഷാമത്തിന്‌ പരിഹാരംകണ്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top